കോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിൽ തള്ളിയെന്ന കേസിൽ കൂട്ടുപ്രതി സേലത്ത് പൊലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ വടക്കെ വിരപ്പൊയിൽ വീട്ടിൽ സൈനബ വധക്കേസിൽ പ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാനെന്ന സൈനുൽ ആബിദീനാണ് (54) കസബ പൊലീസ് പിടിയിലായത്. മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ അപേക്ഷ നൽകും. കേസിൽ മറ്റൊരു പ്രതി മലപ്പുറം താനൂർ കുന്നുംപുറം സമദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കസബ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി. കൈലാസനാഥിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലെത്തിയപ്പോൾ കടന്നുകളഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെയും സേലം പൊലീസിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു.
മുമ്പും മോഷണക്കേസിലും മറ്റും പ്രതിയായ സുലൈമാൻ കൊലപാതകത്തിൽ പങ്കാളിയാണെന്ന് ഒന്നാം പ്രതി സമദ് മൊഴി നൽകിയിരുന്നു. സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽനിന്നാണ് കണ്ടെത്തിയത്. സമദും സുലൈമാനും ചേർന്നാണ് കൊലനടത്തിയത്.
സൈനബയെ ഷാളുപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം മലപ്പുറം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് സമദ് പൊലീസിൽ പറഞ്ഞത്. സൈനബയെ കാണാനില്ലെന്ന് ഭർത്താവ് ജെയിംസ് എന്ന മുഹമ്മദലിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ചുരുളഴഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.