കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനി സുലൈഖയാണ് (56) മെഡി.കോളജ് ആശുപത്രിയിൽ മരിച്ചത്. ഇവരുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉംറ കഴിഞ്ഞ് വന്നതായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണിവർക്ക് രോഗം സ്ഥിരീകരിച്ചത്.
മെയ് 21ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു സുലൈഖ. മെയ് 25 ന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് ഫലം പോസിറ്റീവായത്.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്. മലപ്പുറം, കണ്ണൂർ, വയനാട് സ്വദേശികൾ നേരത്തേ കോഴിക്കോട്ട് ചികിത്സയിലിരിക്കേ മരിച്ചിരുന്നു.
അതേസമയം, ജില്ലയില്‍ ഞായറാഴ്ച രണ്ട് കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും നാല് പേരുടെ ഫലം നെഗറ്റിവായതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 23 വയസ്സുള്ള കൊടുവള്ളി സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാൾ.മേയ് 18 ന് ഖത്തറില്‍ നിന്ന് കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മേയ് 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തു. ശനിയാഴ്ച ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രണ്ടാമത്തെയാൾ 36 വയസ്സുള്ള കല്ലാച്ചി നാദാപുരം സ്വദേശിയാണ്. മേയ് 27 ന് ദുബൈയില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരിലെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കൊറോണ കെയര്‍ സെൻററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മേയ് 29ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ ഞായറാഴ്ച രോഗമുക്തരായി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററില്‍ ഒരാളുമാണ് രോഗവിമുക്തരായത്. ഇപ്പോള്‍ 34 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റിവായി ചികിത്സയിലുണ്ട്.
ഞായറാഴ്ച 257 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 4,993 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4,683 എണ്ണത്തിെൻറ ഫലം ലഭിച്ചു. ഇതില്‍ 4,600 എണ്ണം നെഗറ്റിവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 310 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.