തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ നിലവിലെ ചട്ടങ്ങളിൽ ഭേദഗതിവരുത്തുന്നതിന്റെ ഭാഗമായി കരട് തയാറാക്കി റഗുലേറ്ററി കമീഷൻ. കെ.എസ്.ഇ.ബി സേവനത്തിലെ വീഴ്ചകൾക്ക് ഉപഭോക്താവ് അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനം. വിതരണ ലൈസൻസികൾക്ക് ബാധകമായതും വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതുമായ വിവിധ നിർദേശങ്ങൾ ഉൾപ്പെടുത്തിയ കരട് ചട്ടത്തിൽ ഈ മാസം 25ന് തെളിവെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ചു. ഇതിന് ശേഷമാവും അന്തിമചട്ടം പ്രസിദ്ധീകരിക്കുക.
ഉപഭോക്താവ് ഏതെങ്കിലും സേവനത്തിന് കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകിയാൽ സമയപരിധിക്കുള്ളിൽ അത് പൂർത്തിയാക്കണം. വൈദ്യുതി കണക്ഷൻ, താരിഫ് മാറ്റൽ, വൈദ്യുതി പുനഃസ്ഥാപിക്കൽ തുടങ്ങിയ എല്ലാത്തരം അപേക്ഷകൾക്കും ഇത് ബാധകമാണ്. ഓരോ സേവനങ്ങൾക്കുമുള്ള പരിഹാര സമയപരിധി വ്യത്യസ്തമാണ്. സമയപരിധി പാലിച്ചില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. ഇതിനായി അപേക്ഷ നൽകി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതി അവസാനിപ്പിക്കുന്നതാണ് കരട് ചട്ടത്തിലെ നിർദേശം. നഷ്ടപരിഹാരം പരാതിക്കാരന്റെ വൈദ്യുതി ബില്ലിൽ കുറവ് ചെയ്തുകൊടുക്കുന്ന ‘ഓട്ടോമാറ്റിക്’ സംവിധാനം ഒരുക്കണമെന്ന് കരടിൽ പറയുന്നു. സേവനങ്ങളുടെ വീഴ്ചക്ക് നഷ്ടപരിഹാര തുക നാലിരട്ടി വരെ വർധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണ ലൈസൻസികളിൽനിന്ന് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാവുമെന്നാണ് കമീഷൻ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.