‘സാമ്പത്തികാഭിവൃദ്ധിക്കായി പാർട്ടിയെ ഉപയോഗപ്പെടുത്തിയ പിണറായിയുടെ ബോധമല്ല ഞങ്ങളെ നയിക്കുന്നത്’; രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ

പയ്യന്നൂർ: പയ്യന്നൂരിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ  പിണറായി വിജയനും കെ.കെ. രാഗേഷും നടത്തിയ പ്രസംഗങ്ങൾക്കും തെരഞ്ഞെടുപ്പ് പരാജയ വിലയിരുത്തലുകൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ രംഗത്ത്.

സാമ്പത്തികാഭിവൃദ്ധിക്കായി പാർട്ടിയെ ഉപയോഗപ്പെടുത്തിയ പിണറായി വിജയന്റെ ബോധമല്ല പയ്യന്നൂരിലെ സഖാക്കളെ നയിക്കുന്നതെന്നും അത് കമ്യുണിസ്റ്റ് ബോധമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതുകൊണ്ട്‌ തന്നെ കെ.കെ രാഗേഷിന്റെ വിതണ്ഡവാദങ്ങളുടെ ആവർത്തനത്തെയോ, പകലിനെ രാത്രിയായി കാണണം എന്ന പിണറായി വിജയന്റെ ശാഠ്യത്തേയോ ഭയക്കുന്നില്ലെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.

1957ൽ ഇ.എം.എസ് മന്ത്രിസഭാ കാലത്ത് ചന്ദനത്തോപ്പ് സമരത്തിലെ വെടിവെപ്പ് ന്യായീകരിക്കേണ്ടി വന്ന സഖാവ് കെ. ദാമോദരന് പിന്നീട് നേരിടേണ്ടിവന്ന മനോവിഷമവും പശ്ചാത്താപവും ഓർമിപ്പിച്ചുകൊണ്ടാണ് കുഞ്ഞികൃഷ്ണൻ കുറിപ്പ് ആരംഭിക്കുന്നത്. തെറ്റുകൾ ന്യായീകരിക്കാൻ സാധിക്കാതെ ഉറക്കം നഷ്ടപ്പെട്ട ആ കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ നിന്നല്ല ഇന്നത്തെ നേതൃത്വം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടിക്കല്ല, മറിച്ച് ജനങ്ങൾക്കാണെന്നും തെറ്റ് പറ്റിയത് വോട്ടർമാർക്കാണെന്നുമാണ് പിണറായി വിജയനും കെ.കെ. രാഗേഷും വരുത്തിതീർക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന ഭാവത്തിലാണ് നേതാക്കൾ സംസാരിക്കുന്നത്.

നേതാക്കളുടെ അഹംഭാവം, അഴിമതി, സ്വജനപക്ഷപാതം, ആർഭാടജീവിതം എന്നിവയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ടെങ്കിലും ഇതെല്ലാം നേതൃത്വം മറച്ചുപിടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും ഫണ്ട് വിനിയോഗത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും വ്യക്തമായ കാര്യങ്ങൾ നേതാക്കൾ നിഷേധിക്കുകയാണ്.

ടി.ഐ. മധുസൂദനനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിക്കുള്ളിലെ വിമർശനങ്ങളെയും ഫണ്ട് ഓഡിറ്റുകളെയും നേതൃത്വം തള്ളിക്കളയുന്നത്. പാർട്ടിയേക്കാൾ വ്യക്തിതാൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകിയതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികാഭിവൃദ്ധിക്കായി പാർട്ടിയെ ഉപയോഗപ്പെടുത്തിയ പിണറായി വിജയന്റെ ബോധമല്ല പയ്യന്നൂരിലെ സഖാക്കളെ നയിക്കുന്നതെന്നും അത് യഥാർത്ഥ കമ്യൂണിസ്റ്റ് ബോധമാണെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കെ.കെ. രാഗേഷിന്റെ വിതണ്ഡവാദങ്ങളെയോ പിണറായിയുടെ ശാഠ്യങ്ങളെയോ ഭയക്കുന്നില്ലെന്നും സത്യത്തിന്റെ പിന്തുണയോടെയുള്ള പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റി​​ന്റെ പൂർണരൂപം

പയ്യന്നൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി വിജയൻ സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്കോർമ്മ വന്നത് സഖാവ് കെ ദാമോദരനെയാണ്. 1957 ൽ ഇഎംഎസ് മന്ത്രിസഭാ കാലത്ത് കൊല്ലം ചന്ദനത്തോപ്പിലെ ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറിയിൽ ബോണസിനും മറ്റ് അവകാശങ്ങൾക്കുമായി സമരം നടത്തിയ തൊഴിലാളികളെ, തൊഴിലാളി വർഗ്ഗ പാർട്ടി അധികാരത്തിലിരിക്കെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയപ്പോൾ, ഈ സംഭവത്തെ പൊതു യോഗങ്ങളിൽ സഖാവ് കെ ദാമോദരന് ന്യായീകരിക്കേണ്ടി വന്ന ഒരു സന്ദർഭമുണ്ട് ചരിത്രത്തിൽ.

അവകാശങ്ങൾക്ക് വേണ്ടി തെരുവിൽ ഇറങ്ങി സമരം ചെയ്ത അടിസ്ഥാന വർഗ്ഗ തൊഴിലാളികളായ സഖാക്കൾ മരണപ്പെട്ടപ്പോൾ പാർട്ടി നിർദേശപ്രകാരം വെടിവെപ്പിനെ ന്യായീകരിച്ച് സംസാരിക്കാൻ ഇടവന്ന സഖാവ് കെ ദാമോദരൻ വിഷാദനായി വീട്ടിൽ തിരിച്ചു വന്നതും, പറഞ്ഞു പോയ നട്ടാൽ കുരുക്കാത്തതും, സാമാന്യ ബുദ്ധിക്ക് യോജിക്കാത്തതും, കമ്മ്യൂണിസ്റ്റ് നിലപാടുകൾക്ക് വിരുദ്ധമായതുമായ ന്യായീകണങ്ങണോർത്ത് വായിൽ വിരൽ കുത്തിയിറക്കി ഛർദിച്ച കഥ കേട്ടിട്ടുണ്ട് മുൻപ്. ചെയ്ത പ്രവർത്തിയെ ന്യായീകരിക്കാൻ സാധിക്കാതെ ഉറക്കം നഷ്ടപ്പെട്ട, പിന്നീട് പാർട്ടി നിർദേശിച്ചിട്ടും ആ വെടിവയ്പ്പിനെ കുറിച്ച് പ്രസംഗിച്ച് ന്യായീകരിക്കാൻ തയ്യാറാകാത്ത സഖാവ് കെ ദാമോദരന്റെ പാരമ്പര്യമുള്ള അതേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് കൊണ്ട് തന്നെയല്ലേ പിണറായി വിജയൻ ബഹുജനങ്ങളോടും, പാർട്ടിക്കാരോടും പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദി പാർട്ടിയല്ല അണികളാണെന്നും, തെറ്റ് പറ്റിയത് പാർട്ടിക്കല്ല, വോട്ടർമാർക്കാണെന്നും പ്രസംഗിക്കുന്നത്!

ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെടും മുന്നേയും വടകരയിൽ ഇതുപോലൊരു രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിട്ടുണ്ട് പാർട്ടി. വിശദീകരിക്കാൻ ചെന്ന നേതാവ് ചെങ്കൊടി താഴ്ത്താൻ ടിപിയോട് ആക്രോശിച്ചു ദിവസങ്ങൾക്കുള്ളിലാണ് മൃഗീയമായി ടിപി കൊല്ലപ്പെട്ടത്. എന്നാൽ പയ്യന്നൂരിൽ "പാർട്ടിയെ വഞ്ചിച്ചവരാരും പിന്നീട് വളർന്നിട്ടില്ലെന്നും രക്തസാക്ഷി ധനരാജിന്റെ പേരിനി ഉച്ഛരിച്ചു പോകരുതെന്നുമാണ്" നേതാക്കൾ പറഞ്ഞതെന്ന് മാത്രം. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ പോലുമാക്കാതെ നേരത്തെ മറ്റെല്ലാവരും നിരന്തരം പറഞ്ഞതൊക്കെ തന്നെ പിണറായിയും ആവർത്തിച്ചു എന്നതൊഴിച്ചാൽ പുതുമയുള്ള മറ്റൊന്നും അദ്ദേഹം പറഞ്ഞതായി കേട്ടില്ല. എന്തായാലും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് വന്നപ്പോഴുണ്ടായിരുന്ന നേരിയ പ്രതീക്ഷയും ഇതോടെ അവസാനിച്ചിരിക്കുന്നു. ഒരു തിരുത്തലിനും പാർട്ടി തയ്യാറല്ലെന്നും, തെറ്റ് പറ്റിയത് ജനങ്ങൾക്കാണെന്നും രാഷ്ട്രീയമായി വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തൽ? അണികളുടെ നേതൃത്വത്തെ തിരുത്താനുള്ള ശ്രമത്തെ ഇനിയും തിരിച്ചറിയാത്ത നേതൃത്വത്തെ കാലക്രമത്തിൽ അതേ അണികൾ തച്ചുടക്കുമോ എന്നത് കണ്ട് തന്നെ അറിയാം.

മഹത്തായ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ചും, തിരുത്തൽ ശക്തിയായി നിലനിന്നും ഇന്നാട്ടിലെ ജനങ്ങൾ തോൽപ്പിച്ചതാണ് പയ്യന്നൂരിൽ സിപിഎംനെ. അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നും, തോറ്റത് പാർട്ടിയല്ല, പാർട്ടി സ്ഥാനാർത്ഥിയല്ല ജനങ്ങളാണെന്നും, തെറ്റ് പറ്റിയത് പാർട്ടിക്കല്ല ജനങ്ങൾക്കാണ്, അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി തിരിച്ചു വരേണ്ടതും ജനങ്ങളാണ് എന്ന പ്രഖ്യാപനമാണ് പിണറായി വിജയനും, പിണറായി വിജയന്റെ കയ്യാളായ കെകെ രാഗേഷും പയ്യന്നൂരിലും മാത്തിലും നടത്തിയ പ്രസംഗത്തിന്റെ ആകെ തുക.

ഞങ്ങൾ നേതൃത്വത്തിന് യാതൊരുവിധ തെറ്റും സംഭവിച്ചിട്ടില്ല, സംഭവിക്കില്ല, ഇനി സംഭവിച്ചാൽ തന്നെ അത് ഞങ്ങൾ അംഗീകരിക്കില്ല. തെറ്റു സംഭവിച്ചിരിക്കുന്നതെല്ലാം വോട്ട് ചെയ്ത ജനങ്ങൾക്കാണ്. അത് കൊണ്ടവർ എത്രയും വേഗത്തിൽ തെറ്റ് തിരുത്തി തിരികെ വരണമെന്നും, ബഹുജനങ്ങളോട് ഞങ്ങൾ വസ്തുതയല്ലാതെ മറ്റൊന്നും പറയാറില്ലെന്നതുമാണ് 60 ശതമാനം വോട്ട് ഷെയറുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ആകെ പറയാനുള്ള രാഷ്ട്രീയ വിശദീകരണം! ആളുകളെ തെറ്റുദ്ധരിപ്പിച്ചു നേടിയ വിജയം, കള്ളം പറഞ്ഞു നേടിയ വിജയം തുടങ്ങിയ വാദങ്ങൾ ഇങ്ങനെ നിരന്തരം പറയുമ്പോൾ പിന്നെ എന്താണ് നിങ്ങൾക്ക് പറയാനുള്ള സത്യമെന്ന് ജനങ്ങൾ തിരിച്ചു ചോദിക്കില്ലെന്നാണോ കരുതുന്നത്? വിഷയങ്ങളെ വക്രീകരിച്ച് ആളുകളെ കബളിപ്പിക്കുന്ന ശീലത്തിൽ നിന്ന് രാകേഷിനും പിണറായിക്കും ഇനി എന്നാണ് മാറ്റമുണ്ടാവുക?

കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ സംഘടനാപരമായ ദൗർബല്യങ്ങളെ പറ്റി പറയുന്ന ഭാഗത്ത് നേതാക്കളുടെ അഹംഭാവം, അഴിമതി, സ്വജനപക്ഷപാതം, ആർഭാടജീവിതം എന്നിവയെ കുറിച്ച് കൃത്യമായി തന്നെ പരാമർശിക്കുന്നത് ഈ ജനങ്ങൾ ആരും കണ്ടില്ലെന്നാണോ പാർട്ടി ഇപ്പോഴും വിചാരിക്കുന്നത്? പയ്യന്നൂരിലും, തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച വന്ന കാര്യവും, ജില്ല കമ്മറ്റി അത് അംഗീകരിച്ച കാര്യവും ഇതേ കേന്ദ്ര കമ്മറ്റി റിപ്പോർട്ടിൽ തന്നെ പറയുന്നില്ലേ? ഇതൊക്കെ അറിയുന്ന കെകെ രാകേഷ് പറയുന്നു പാർട്ടി ഫണ്ടിൽ ഒരു വെട്ടിപ്പും നടന്നിട്ടില്ല, ടിഐ മധുസൂധനനെ സ്ഥാനാർത്ഥി ആക്കാതിരുന്നാൽ വി കുഞ്ഞികൃഷ്ണൻ പറയുന്നത് പാർട്ടി അംഗീകരിച്ചു എന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും, അത് കൊണ്ടാണ് സ്ഥാനാർത്ഥിയാക്കിയത് എന്ന്! പാർട്ടിയേക്കാൾ വലിയ വ്യക്തി താല്പര്യമായിരുന്നു ആ തീരുമാനത്തിന് പിറകില്ലെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ ഒരു വിശദീകരണവും നിങ്ങളിനി ഇന്നാട്ടിലെ ജനങ്ങൾക്ക് നൽകാനില്ല!

ഞങ്ങൾ തിരെഞ്ഞെടുപ്പിൽ പോരാടിയത് ജയിക്കാനല്ലെന്നും, സർവ്വതന്ത്ര സ്വതന്ത്രൻ എന്ന നിലയിൽ എന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് യുഡിഎഫ് പിന്തുണ നൽകിയത് എന്നും, എനിക്ക് പിന്തുണ തന്നത് സംബന്ധിച്ച് യുഡിഎഫ് ൽ ആദ്യ ഘട്ടത്തിൽ അസ്വാരസ്യം പ്രകടമായിരുന്നു എന്നുമൊക്കെ ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അപ്പോഴെല്ലാം ഏത് പ്രതിസന്ധി ഘട്ടത്തിലും ഉരുക്ക് കോട്ട പോലെ നിലനിൽക്കുന്ന പയ്യന്നൂർ മണ്ഡലത്തിൽ, ഏതൊരു പ്രതിസന്ധിഘട്ടത്തിലും 50 ശതമാനത്തിന് മുകളിൽ വോട്ട് ലഭിക്കുന്ന മണ്ഡലത്തിൽ, ആരൊക്കെ വന്നാലും പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന നിങ്ങളുടെ അമിത ആത്മവിശ്വാസമാണ് പയ്യന്നൂരിലെ ജനം തിരുത്തി കുറിച്ചത്. അൻപതിനായിരം എന്ന മൃഗീയ ഭൂരിപക്ഷത്തെ കാര്യമായ പിന്തുണയില്ലാതെ ഒരാൾ വെല്ലുവിളിക്കുന്നത് പുച്ഛത്തോടെ മാത്രമാണ് നിങ്ങൾ നോക്കി കണ്ടത്. 5 ആളുകൾ ചേർന്ന് നിൽക്കാനില്ലാത്തവർ എന്ന പരിഹാസമാണ് നിങ്ങൾ ആദ്യാവസാനം ഞങ്ങൾക്കെതിരെ ചൊരിഞ്ഞത്. പയ്യന്നൂരിന്റെ രാഷ്ട്രീയ മനസിനെ നിങ്ങൾ വിലകുറച്ച് കണ്ടു. ഇന്നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ നിങ്ങൾ ചോദ്യം ചെയ്തു. കായികമായി ഞങ്ങളെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചു. ഭീഷണി മുഴക്കി ഭയപ്പെടുത്താൻ നോക്കി. ഇതിന്റെ ഫലമാണ് നിങ്ങൾ നേരിട്ട വൻ പരാജയം. എന്നിട്ടും നിങ്ങളുടെ അഹന്തയ്ക്കും സ്വജനപക്ഷപാതത്തിനും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഒരു തിരുത്തലുമില്ല. നിങ്ങൾ എന്തും പറയും, എങ്ങനെയും പറയും, എത്ര വക്രീകരിച്ചും പറയും. അത് എല്ലാവരും അംഗീകരിക്കണം എന്ന നിങ്ങളുടെ നിർബന്ധ ബുദ്ധിയാണ് ആദ്യം ഇല്ലാതാവേണ്ടത്. ജനങ്ങൾ ഇതൊക്കെ ഓഡിറ്റ് ചെയ്യുന്ന കാലത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യമാണ് ഇനിയെങ്കിലും ഉണ്ടാക്കി എടുക്കേണ്ടത്.

മുൻ എംഎൽഎ ടിഐ മധുസൂദനനെ സംരക്ഷിക്കാൻ നോക്കുന്നതിനിടയിൽ നിങ്ങൾ പോലുമറിയാതെ നിങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ട്, പയ്യന്നൂരിലെ ഫണ്ട് വിനിയോഗത്തിൽ പാളിച്ച വന്നിട്ടുണ്ടെന്ന്. കണക്ക് പറയാൻ ഞങ്ങൾ വൈകിപ്പോയിട്ടുണ്ടെന്ന്, രണ്ടും മൂന്നും തവണ ഓഡിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന്, അതിന്റെ വിശദീകരണമാണ് പാർട്ടി നിർദ്ദേശ പ്രകാരം തന്നെ ആ കണക്ക് ഓഡിറ്റ്‌ ചെയ്ത ഞാൻ പുറത്ത് വിട്ടതെന്ന് നിങ്ങൾ എന്തേ മറന്ന് പോയത്?

CMRL അഴിമതിയിൽ ഭഗവാക്കായ, മുതലാളിത്തത്തിന്റെ ചങ്ങാതി ആയ, കർഷകവർഗ്ഗ തൊഴിലാളികൾ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ സ്വന്തം സാമ്പത്തികാഭിവൃതിക്കുള്ള ഉപാധിയാക്കിയ, അഴിമതിയുടെ തെളിവുകളും റിപ്പോർട്ടുകളും പുറത്ത് വന്നിട്ടും അതിനെ കുറിച്ചൊരക്ഷരം മിണ്ടാതെ, എൻ്റെ കൈ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും പറയാൻ യാതൊരു മടിയില്ലാത്ത പിണറായി വിജയന്റെ ബോധമല്ല പക്ഷെ, ഞങ്ങളെ മുന്നോട്ട് നയിക്കുന്ന കമ്മ്യൂണിസ്റ്റ് ബോധം. അതുകൊണ്ട്‌ തന്നെ കെകെ രാഗേഷിന്റെ വിതണ്ഡവാദങ്ങളുടെ ആവർത്തനത്തെയോ, പകലിനെ രാത്രിയായി കാണണം എന്ന പിണറായി വിജയന്റെ ശാഠ്യത്തേയോ ഭയക്കുന്നില്ല. അതിന് മുന്നിൽ കീഴടങ്ങുന്നുമില്ല.

എന്റെ വിധേയത്വം ഒരു കാലത്തും നേതാക്കളോടായിരുന്നില്ല. എല്ലാ കാലത്തുമത് ആശയത്തോടും സത്യത്തോടുമായിരുന്നു. ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ട് സത്യത്തിന്റെ ശക്തിയിൽ ആരംഭിച്ച ഈ പോരാട്ടം സത്യത്തിന്റെ പിന്തുണയിൽ തന്നെ മുന്നോട്ട് പോകും. സത്യത്തിന്റെ വിജയത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.

നേതാക്കൾ മാറുന്നതിനനുസരിച്ചു മാറുന്നതല്ല ഞങ്ങളാരും ഉയർത്തി പിടിക്കുന്ന മൂല്യ ബോധ്യവും, വർഗ രാഷ്ട്രീയവും, രാഷ്ട്രീയ ബോധവും. നിങ്ങളെത്ര വിശദീകരണ യോഗങ്ങൾ നടത്തിയാലും, ഭീഷണി മുഴക്കിയാലും, ഇല്ലാതാക്കാൻ ശ്രമിച്ചാലും, ഇനി ഞങ്ങളിൽ ആരെ എങ്കിലും ഇല്ലാതാക്കിയാൽ തന്നെയും ബാക്കി ആവുന്ന മനുഷ്യർ ഈ സമൂഹത്തിൽ ഇറങ്ങി ചെന്ന് വർദ്ധിത വീര്യത്തോടെ പോരാടുക തന്നെ ചെയ്യും.

വി കുഞ്ഞികൃഷ്ണൻ

എംഎൽഎ പയ്യന്നൂർ

Tags:    
News Summary - Not guided by Pinarayi's consciousness: Kunjikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.