ആറാം നാളിൽ ശ്രീറാം തെറിച്ചു

ആലപ്പുഴ: പ്രതിഷേധങ്ങൾക്കിടെ ചുമതലയേറ്റ ജില്ലയുടെ 55ാമത്തെ കലക്ടർ ശ്രീറാം ആറാം നാളിൽ തെറിച്ചു. പകരം എത്തുന്നത് ആലപ്പുഴയുടെ ഹൃദയസ്പന്ദനമറിയുന്ന കൃഷ്ണതേജ.കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ സർവിസ് കോർപറേഷൻ എം.ഡിയായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഭാര്യ ഡോ. രേണുരാജിൽനിന്ന് അധികാരം കൈമാറിക്കിട്ടി ജില്ല കലക്ടറായി ചുമതലയേറ്റത്.

യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിനിടയിലായിരുന്നു ചുമതലയേൽക്കൽ. തുടർന്ന് മാധ്യമപ്രവർത്തകരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസും ലീഗും പ്രത്യേകം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ എല്ലാ ജില്ല കേന്ദ്രങ്ങളിലും സമരങ്ങൾ നടത്തി.

തിങ്കളാഴ്ച ചേർന്ന ജില്ല യു.ഡി.എഫ് നേതൃയോഗം മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ നേരിടുന്ന കലക്ടറെ മാറ്റും വരെ പ്രത്യക്ഷസമരം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. സൂചനസമരത്തിന്റെ ഭാഗമായി ആറാം തീയതി കലക്ടറേറ്റ് വളയാനും തീരുമാനിച്ചു.തീരുമാനമെടുത്ത് മണിക്കൂറുകൾക്കുശേഷം സർക്കാർ ശ്രീറാമിനെ മാറ്റുകയായിരുന്നു. ബുധനാഴ്ച ബഷീറിന്റെ സ്മരണദിനത്തിൽ കൂടുതൽ പ്രതിഷേധം വരാനിരിക്കെയുമാണ് മാറ്റം.

മാധ്യമ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയും കാറ്റും പ്രളയവും പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചില്ലെന്ന തിരിച്ചറിഞ്ഞ സർക്കാർ കലക്ടറെ മാറ്റി. പകരമെത്തുന്നത് മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആലപ്പുഴയുടെ മുൻ സബ്കലക്ടർ കൂടിയായ കൃഷ്ണതേജയാണ്.

പട്ടികജാതിവികസനവകുപ്പ് ഡയറക്ടയായിരുന്ന ഇദ്ദേഹം മുൻകൈയെടുത്ത് ആലപ്പുഴയിൽ നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. ഐ ആം ഫോർ ആലപ്പിയുടെ നേതൃത്വത്തിലായിരുന്നു പല പദ്ധതികളും നടപ്പാക്കിയത്. പ്രളയാനന്തരം സ്കൂളുകളുടെ നവീകരണവും റാമോജി ഫിലിം സിറ്റിയുടെ സഹകരണത്തോടെ നിർധനർക്ക് വീടു നൽകുന്ന പദ്ധതിയും കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.

Tags:    
News Summary - On the sixth day Sriram lost his position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.