തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റിനെതുടർന്ന് കടലിലകപ്പെട്ടവരിൽ നാനൂേറാളം പേരെ രക്ഷിച്ചു. തിരുവനന്തപുരം 132, കോഴിക്കോട് 66, കൊല്ലം 55, തൃശൂർ 40, കന്യാകുമാരി 100 പേർ എന്നിങ്ങനെയാണ് രക്ഷിച്ചവരുടെ എണ്ണം. നാവികസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് ആദ്യം പ്രഖ്യാപിച്ച 5000 രൂപ ഉൾപ്പെടെ 15,000 രൂപ നൽകും. പുറമെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള 5000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബോട്ടും വള്ളവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകും. ലക്ഷദ്വീപിലെ കൽപേനിയിൽ 12 ബോട്ടുകളിലായി 138 പേർ എത്തിയിട്ടുണ്ട്. ആേന്ത്രാത്തിൽ ഒരു ബോട്ടും കിത്താനിൽ രണ്ട് ബോട്ടുകളും ചട്ലറ്റിൽ 15 പേരുമായി ഒരു ബോട്ടും കരക്കെത്തി.
വീട് നഷ്ടപ്പെട്ടവരും ഒഴിഞ്ഞുപോകേണ്ടിവന്നവരുമടക്കം 529 കുടുംബങ്ങൾ 30 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. കേന്ദ്രസർക്കാർ വകുപ്പുകളുടെ ഭാഗത്തുനിന്ന് നല്ല രീതിയിൽ ഇടപെടലുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിേച്ചർത്തു.
ദേശീയദുരന്തമായി പ്രഖ്യാപിക്കണം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് നിവേദനം തയാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.