തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി വഴി ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) സംസ്ഥാനത്ത് നടപ്പാക്കാൻ കളമൊരുക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ സമ്മർദം. 2022ൽ തുടക്കമിട്ട പി.എം ശ്രീ പദ്ധതി മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയാത്തതായതിനാൽ കേരളം വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും (എസ്.എസ്.കെ) തലപ്പത്തുള്ള ചിലർ ചേർന്നാണ് മനംമാറ്റത്തിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ എത്തിച്ചത്.
പി.എം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയിൽ ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ സമ്മർദം. തമിഴ്നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെ പദ്ധതിയിൽനിന്ന് മാറിനിൽക്കുകയും ഫണ്ട് തടയുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വഴി തേടാതെ കേരളം എതിർത്ത ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനത്താകെ നടപ്പാക്കാൻ വഴിവെക്കുന്ന രീതിയിൽ പി.എം ശ്രീയിൽ ഒപ്പിടാൻ ഫയലൊരുക്കുകയായിരുന്നു ഉന്നത ഉദ്യോഗസ്ഥർ. പി.എം ശ്രീ പദ്ധതിക്ക് പോലും 60 ശതമാനം തുക കേന്ദ്രം മുടക്കുമ്പോൾ 40 ശതമാനം സംസ്ഥാന വിഹിതം ചേർക്കണം. എസ്.എസ്.കെ വഴിയുള്ള പദ്ധതികളുടെ 40 ശതമാനവും സംസ്ഥാന സർക്കാറാണ് വഹിക്കേണ്ടത്. ഇതെല്ലാം മറച്ചുവെച്ചാണ് കോടികളുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന വാദം നിരത്തി പി.എം ശ്രീയിൽ ഒപ്പിടാൻ കളമൊരുക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ലക്ഷ്യത്തോടെ 2020ൽ കേന്ദ്രം തയാറാക്കിയ എൻ.ഇ.പിക്കെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സി.പി.എമ്മും എൽ.ഡി.എഫും എൻ.ഇ.പിക്കെതിരെ നിലപാട് വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥ നീക്കത്തിന് തടയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനം എൻ.ഇ.പി പൂർണാർഥത്തിൽ നടപ്പാക്കണമെന്നത് പി.എം ശ്രീ മാനദണ്ഡങ്ങളിൽ പ്രധാനമാണ്. സ്കൂളുകളുടെ പേര് പി.എം ശ്രീക്ക് അനുസൃതമായി മാറ്റിയാൽ പിന്നീട് മാറ്റാൻ പാടില്ലെന്നും വ്യവസ്ഥയുമുണ്ട്. സ്കൂൾ വിദ്യാഭ്യാസ മേഖലയിലേക്ക് ആർ.എസ്.എസ് അനുകൂല എൻ.ജി.ഒകൾക്ക് ഉൾപ്പെടെ വഴി തുറക്കുന്ന രീതിയിലാണ് പി.എം ശ്രീ മാനദണ്ഡങ്ങൾ. പി.എം ശ്രീ സ്കൂളുകളുടെ വികസനത്തിന് എൻ.ജി.ഒ സഹായം ഉപയോഗിക്കാമെന്ന മാനദണ്ഡം പദ്ധതിയിലുണ്ട്. പദ്ധതിയുടെ പേരിൽ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് എൻ.ജി.ഒകൾക്ക് കൈക്കലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിറകിലെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.