കോഴിക്കോട്: ഗള്‍ഫില്‍നിന്ന് മടക്കയാത്രക്ക് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി കോഴിക്കോട്ടെ ഒരു സംഘം വിദ്യാര്‍ഥികള്‍. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം നഴ്സിങ് കോളജ് വിദ്യാര്‍ഥികളാണ് സാമ്പത്തിക പ്രയാസത്താല്‍ മടക്കയാത്ര മുടങ്ങിയ 10 പേര്‍ക്കുള്ള ടിക്കറ്റ് സംഭാവന ചെയ്തത്. ഗള്‍ഫ് മാധ്യമവും മീഡിയവണ്‍ ചാനലും ചേര്‍ന്ന് നടപ്പാക്കുന്ന മിഷന് വിങ്സ് ഓഫ് കംപാഷനെ പിന്തുണച്ചാണ് വിദ്യാര്‍ഥികളുടെ സന്നദ്ധ പ്രവര്‍ത്തനം. ടിക്കറ്റിനായി വിദ്യാര്‍ഥി കൂട്ടായ്മയായ ‘പുനര്‍ജനി’യുടെ നേതൃത്വത്തില്‍ സമാഹരിച്ച 1.50 ലക്ഷം രൂപയാണ് മിഷന് വിങ്സ് ഓഫ് കംപാഷന്‍ നല്‍കുക.
ഇന്നലെ മീഡിയവണ്‍ ആസ്ഥാനത്തെത്തിയ പുനര്‍ജനി ഭാരവാഹികള്‍ പണം നല്‍കുന്നതിനുള്ള സമ്മതപത്രം മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് കൈമാറി. വിദ്യാര്‍ഥികള്‍ സ്വയം സന്നദ്ധരായി നല്കുന്ന ഈ സംഭാവന മിഷന് വിങ്സ് ഓഫ് കംപാഷന്‍ ലഭിക്കുന്ന സാമൂഹിക പിന്തുണയാണെന്ന് ഒ. അബ്ദുറഹ്മാന് പറഞ്ഞു.
പുനര്‍ജനിയുടെ സഹായത്തോടെ നാട്ടില്‍ മടങ്ങി എത്തുന്ന പത്ത് പേര്‍ക്ക് ക്വാറൻറീന് അടക്കമുള്ള സഹായങ്ങളും നല്കാന് തയാറാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. മീഡിയവണ്‍ വൈസ് ചെയര്മാന് പി. മുജീബ് റഹ്മാന്, സി.ഇ.ഒ റോഷന് കക്കാട്, മാനേജിങ് എഡിറ്റര്‍ സി.ദാവൂദ്, പുനര്‍ജനി കൂട്ടായ്മ ഭാരവാഹികളായ മുഹമ്മദ് ജസീൽ, മുര്‍ഷിദ്, ഫാത്തിമ ലിമിഷ, ഐശ്വര്യ, തൗസീഫ്, അഫ് ലഹ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.