കർണാടകത്തിലെ നേഴ്സിംഗ് തട്ടിപ്പ് : അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കർണാടകത്തിൽ നേഴ്സിംഗ് പഠനത്തിൻ്റെ പേരിൽ മലയാളി വിദ്യാർഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിംഗ് പഠനത്തിന് താൽപ്പര്യം വർധിച്ചത്.ഏറ്റവുമധികം മലയാളി വിദ്യാർഥികൾ നേഴ്സിംഗ് പഠിക്കാൻ എത്തുന്നത് കർണാടകത്തിലെ കോളേജുകളിലാണ്. 1100 ഓളം നേഴ്സിംഗ് കോളജുകൾ ബംഗളുരുവിലുണ്ട്.

ബംഗളുരുവിലെ നഴ്സിംഗ് കോളജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്. കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്. ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ സർക്കാർ അംഗീകരിച്ച ഫീസ് 65000 രൂപ മാത്രമാണ് . കോളേജിൽ നേരിട്ട് എത്തിയാൽ പ്രവേശനം ലഭിക്കില്ല. ഏജൻറുമാർ വഴി പോകണം.

കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ ദൗർലഭ്യമാണ് വിദ്യാർഥികളെ കർണാടകത്തിലെത്തിക്കുന്നത്. പതിനായിരക്കണക്കിന് കുട്ടികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നുണ്ട്. പ്രമുഖ കോളജുകളുടെ വ്യാജ അഡ്മിഷൻ ലറ്ററും നൽകും. അംഗീകാരമില്ലാത്ത കോളേജുകളിൽ കൊണ്ടിരുത്തി കബളിപ്പിക്കുന്നതും പതിവാണ്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - Nursing scam in Karnataka: Human Rights Commission orders to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.