ഉതുപ്പ് വര്‍ഗീസ് അടക്കം എട്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം



കൊച്ചി: 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് അരങ്ങേറിയ കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസില്‍ ഇന്‍റര്‍പോള്‍ തിരയുന്ന അല്‍ സറാഫാ റിക്രൂട്ട്മെന്‍റ് ഏജന്‍സി ഉടമ എം.വി. ഉതുപ്പ് വര്‍ഗീസ് അടക്കം എട്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തിലെ വിവിധ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്ക് അന്യായ നേട്ടമുണ്ടാക്കാന്‍ കൂട്ടുനിന്ന പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫ് ആണ് കേസിലെ ഒന്നാം പ്രതി. അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സി, ഉതുപ്പ് വര്‍ഗീസ് എന്നിവരാണ് രണ്ടും മൂന്നും പ്രതിസ്ഥാനത്തുള്ളത്.

അല്‍ സറാഫയിലെ ജീവനക്കാരായ ജെസി, കെ.എസ്. പ്രദീപ്, ഹവാല ഇടപാടുകളിലൂടെ ഉതുപ്പ് വര്‍ഗീസിന്‍െറ പണം വിദേശത്ത് എത്തിക്കാന്‍ സഹായിച്ച കോട്ടയത്തെ സുരേഷ് ഫോറക്സ് ഉടമ  വി.എസ്. സുരേഷ് ബാബു, മലബാര്‍ ഫോറിന്‍ എക്സ്ചേഞ്ച് ഉടമ അബ്ദുല്‍ നസീര്‍, ഉതുപ്പ് വര്‍ഗീസിന്‍െറ ഭാര്യയും അല്‍ സറാഫാ റിക്രൂട്ട്മെന്‍റ് ഏജന്‍സി ചെയര്‍മാനുമായ സൂസന്‍ തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍. 2014 ഡിസംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്സിങ് ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് 300 കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍ സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്.

സര്‍ക്കാര്‍ വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളില്‍നിന്ന് 19,500 രൂപ മാത്രമേ ഇടക്കാന്‍ പാടുള്ളൂ. എന്നാല്‍, അല്‍ സറാഫ 19.5 ലക്ഷത്തോളം രൂപ വീതമാണ് ഓരോരുത്തരില്‍നിന്ന് ഈടാക്കിയത്. ഇങ്ങനെ 300 കോടി രൂപയോളം വര്‍ഗീസ് ഉതുപ്പ് തട്ടിയെന്നും ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫിന്‍െറ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. കൊച്ചി എം.ജി റോഡിലെ ഏജന്‍സി ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പിന്‍െറ വിശദാംശങ്ങള്‍ ആദ്യം പുറത്തുവന്നത്. ഉദ്യോഗാര്‍ഥികളില്‍നിന്ന് പിരിച്ചെടുത്ത 100 കോടിയിലേറെ രൂപ കേരളത്തില്‍ നിക്ഷേപിക്കാതെ ഹവാല റാക്കറ്റ് വഴി വിദേശത്തേക്ക് കടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. അല്‍ സറാഫാ ഏജന്‍സിക്കെതിരെ സി.ബി.ഐക്കൊപ്പം ആദായ നികുതി വകുപ്പിന്‍െറയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറയും അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - nursing recrutement case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.