നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്: ആറ് ആശുപത്രി മാനേജ്മെന്റുകളുമായി യു.എൻ.എ ധാരണയായി

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക്. സമരത്തിലുള്ള ആറ് ആശുപത്രി മാനേജ്മെന്റുമായി യു.എൻ.എ ധാരണയിലെത്തി. ഇതോടെ കോഴിക്കോട് ജില്ലയിലെ സമരങ്ങൾ അവസാനിച്ചു. ഇനി സമരം നടക്കുന്നത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്. അമല മെഡിക്കൽ കോളജ്, ജൂബിലി മിഷൻ, എൽ.എഫ് അങ്കമാലി എന്നീ ആശുപത്രികളിലുമാണ് സമരം അവസാനിക്കാനുള്ളത്. സംസ്ഥാനത്തെ 23 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്.

യു.എൻ.എയുടെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറയിലാണ് അനിശ്ചിതകാല സമരം നടന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. വ്യവസ്ഥകളിൽ പിന്നോട്ടില്ലെന്നും ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണമായി പണിമുടക്കുമെന്നും യു.എൻ.എ മുമ്പ് പറഞ്ഞിരുന്നു.

എന്നാൽ, വേതന പരിഷ്കരണമാവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം അന്യായമാണെന്നും സമരം തുടർന്നാൽ നടപടി സ്വീകരിക്കുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞിരുന്നു. ആശുപത്രികൾ അവശ്യ സർവിസായതിനാൽ സർക്കാർ വിഷയത്തിൽ ഇടപെട്ട് എസ്മ പ്രയോഗിക്കാൻ നടപടി സ്വീകരിക്കണം. നോട്ടിസില്ലാതെയുള്ള സമരമാണ് നടക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയും ആശുപത്രി പ്രവർത്തനത്തെ ബാധിക്കുകയും ചെയ്താൽ നടപടിയെടുക്കും. പകരം പുതിയ ആളുകളെ നിയമിക്കേണ്ടിവരുമെന്നും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ആശുപത്രി മാനേജ്മെന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

സമരക്കാർ ആവശ്യപ്പെടുന്നതുപോലെ നഴ്സുമാർക്ക് 40,000 രൂപ മിനിമം വേതനം നിശ്ചയിച്ചാൽ ചികിത്സ ഫീസിലടക്കം വൻവർധന വരുത്തേണ്ടിവരും. അല്ലാത്തപക്ഷം പല ആശുപത്രികളും പൂട്ടേണ്ടിവരും. ആവശ്യങ്ങൾ പരിശോധിച്ചും സുപ്രീംകോടതി നിയമം പാലിച്ചും മിനിമം വേതനം പുനർനിർണയിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും സംസ്ഥാന സർക്കാറാണ്. ഇതുസംബന്ധിച്ച് കൂടിയാലോചനകൾ നടത്തി സർക്കാർ കരട് രേഖ പുറത്തിറക്കിയതാണ്. ഇതിൽ അന്തിമതീരുമാനമെടുക്കാൻ രണ്ടുമാസം സമയമുണ്ട്.

രോഗികളുടെ ജീവൻകൊണ്ട് വിലപേശാതെ നഴ്സുമാർ സമരത്തിൽനിന്ന് പിൻമാറണം. 14 ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകാതെ സമരം നടത്താൻ പാടില്ലെന്നാണ് പുതിയ ലേബർ കോഡ് അനുശാസിക്കുന്നത്. 2012ൽ സമരം നടത്തിയപ്പോൾ മധ്യസ്ഥനീക്കത്തിൽ 14 ദിവസത്തെ നോട്ടീസ് നൽകാതെ സമരം നടത്തില്ലെന്ന് കേരള ഹൈകോടതിയിൽ യു.എൻ.എ സമ്മതിച്ചെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞിരുന്നു. 

Tags:    
News Summary - Nurses' strike nears settlement: UNA reaches agreement with six hospital managements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.