സിസ്​റ്റർ ലിസി കുര്യന്​ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ കോടതി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജ്യോതിഭവൻ മഠത്തിൽനിന്ന്​ രക്ഷപ്പെടുത്തിയ കന്യാസ്ത്രീക്ക് പൊലീസ് സംരക്ഷണം നൽകണമെ ന്ന​്​ കോടതി. ജലന്ധർ ബിഷപ് ഫ്രാങ്കോക്കെതിരെ പൊലീസിന് മൊഴികൊടുത്തതിന് തടങ്കലിലാക്കി ഭീഷണിപ്പെടുത്തുന്നെന്നു ം ജീവഭയമുണ്ടെന്നുമുള്ള കന്യാസ്ത്രീയുടെ പരാതിയിലാണ് പൂർണ പൊലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവായത്. രോഗിയായ മാതാവി നെ കാണുന്നതിന് തൊടുപുഴയിലെ ആശുപത്രിയിൽ പോകാൻ അനുവദിക്കണമെന്നും മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി മഠം അധികൃതർ ക്ക് നിർദേശം നൽകി. ഇടുക്കി രാജാക്കാട് സ്വദേശിനി സിസ്​റ്റർ ലിസി കുര്യനാണ് മൂവാറ്റുപുഴ തൃക്ക ജ്യോതിഭവൻ അധികൃതർ ക്കെതിരെ പൊലീസിനും തുടർന്ന് കോടതിയിലും മൊഴി നൽകിയത്.

സിസ്​റ്റർ ലിസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മദർ സുപ്പ ീരിയർ ഉൾ​െപ്പടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസ്​റ്ററെ വിജയവാഡയിലേക്ക്​ മാറ്റരുതെന്നും മഠം അധികൃതരോട് കോടതി നിർദേശിച്ചു. തിരുവസ്ത്രം ഉപേക്ഷിക്കാൻ തയാറല്ലെന്ന് അറിയിച്ച ഇവർക്ക് താമസിക്കുന്ന സ്ഥലത്ത് സംരക്ഷണം നൽകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. വിജയവാഡയിലേക്ക്​ പോകാൻ തയാറല്ലെന്ന് അറിയിച്ച ഇവർക്ക് ജ്യോതിഭവനിൽ താമസിക്കാം.

ബിഷപ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയെന്ന വിവരം ഇരയായ കന്യാസ്ത്രീ ആദ്യം തുറന്നുപറഞ്ഞത് സിസ്​റ്റർ ലിസിയോടായിരുന്നു. ഇക്കാര്യം പൊലീസ് മൊഴിയെടുക്കുമ്പോൾ പറഞ്ഞതിനെത്തുടർന്ന് തന്നെ ഫോണിൽ സംസാരിക്കാൻപോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണെന്നും രോഗിയായ മാതാവിനെ കാണാൻപോലും അനുവദിക്കാത്ത സാഹചര്യമാണെന്നും ഇവർ പൊലീസിനോട്​ പറഞ്ഞു. ഏതാനും ആഴ്ച മുമ്പ് നിർബന്ധം പിടിച്ചതിനെത്തുടർന്ന് മാതാവിനെ കാണാൻ തൊടുപുഴക്ക്​ പോകാൻ അനുവദിച്ചിരുന്നു. അപ്പോഴാണ് സഹോദരങ്ങളോട് താൻ തടങ്കലിലാണെന്നും മറ്റുള്ളവരുമായി ഇടപഴകാനോ പുറത്തുപോകാനോ അനുവദിക്കുന്നില്ലെന്നുമുള്ള കാര്യം പറഞ്ഞത്.

പിന്നീട് സഹോദരിയുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതി​െനത്തുടർന്ന് സഹോദരൻ ജിമി കുര്യൻ ആദ്യം കോട്ടയം പൊലീസ് സ്​റ്റേഷനിലും തുടർന്ന് മൂവാറ്റുപുഴ സ്​റ്റേഷനിലും പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ മോചിപ്പിക്കുകയും മൊഴിയെടുക്കുകയും രാത്രിയിൽ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കോടതിയിൽ 13 പേജുള്ള രഹസ്യമൊഴിയാണ് നൽകിയിരിക്കുന്നത്.


കന്യാസ്​ത്രീയെ വിജയവാഡയിലേക്ക്​ വിടില്ലെന്ന്​ ബന്ധുക്കൾ
തൊടുപുഴ: മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ജ്യോതിർഭവനിൽനിന്ന്​ പൊലീസ്​ മോചിപ്പിച്ച സിസ്​റ്റർ ലിസി കുര്യനെ വിജയവാഡയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന്​ ബന്ധുക്കൾ. സിസ്​റ്ററുടെ സുരക്ഷയിൽ ആശങ്കയുണ്ട്. അവിടെ സുരക്ഷ കിട്ടുമോയെന്ന് ഉറപ്പില്ല. കോടതി നിർദേശം അനുസരിച്ച് മുന്നോട്ടുപോകും. സംഭവം മാധ്യമങ്ങളിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും കന്യാസ്​​ത്രീയുടെ കുടുംബം പ്രതികരിച്ചു.

പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്​ക്കലിനെതിരെ മൊഴി നൽകിയതോടെ കന്യാസ്​​ത്രീയെ തൃക്കയിലെ മഠത്തിൽനിന്ന്​ വിജയവാഡയിലേക്ക് മാറ്റിയിരുന്നു. പിന്നീട് രോഗിയായ മാതാവിനെ കാണിക്കാൻ രണ്ടു കന്യാസ്ത്രീകൾക്കൊപ്പം തൊടുപുഴയിലേക്ക് വിട്ടു. ഇവിടെ നിന്ന്​ മടങ്ങിയ ശേഷം ഒരു വിവരവുമില്ലാതായി. ഇതോടെയാണ് സഹോദരൻ പൊലീസിൽ പരാതി നൽകിയത​്​​. പൊലീസ് ​കോടതിയിൽ ഹാജരാക്കിയ കന്യാസ്​​ത്രീയെ പിന്നീട്​ തൊടുപുഴയിൽ മാതാവ്​ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിച്ചു.


കന്യാസ്ത്രീ പീഡനം: സിസ്​റ്റർ ലിസിയെ തടവിലാക്കിയവരെ അറസ്​റ്റ്​ ചെയ്യണം -എസ്.ഒ.എസ്
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിൽ പ്രധാന സാക്ഷിയായ സിസ്​റ്റർ ലിസി വടക്കേലിനെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത മദർ ജനറാൾ ആൻ ജോസഫ്, എഫ്.സി.സി പ്രൊവിൻഷ്യൽ സി.അൽഫോൻസ എബ്രഹാം, മറ്റു കൗൺസിലർ സിസ്​റ്റർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് സേവ് അവർ സിസ്​റ്റേഴ്സ് (എസ്.ഒ.എസ്) ആക്​ഷൻ കൗൺസിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പരാതിക്കാരിയെയും സാക്ഷികളെയും സമൂഹമധ്യത്തിലും മാധ്യമങ്ങളിലൂടെയും പരസ്യമായി അപമാനിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള തന്ത്രത്തി​െൻറ ഭാഗമായാണ്. ഇക്കാര്യത്തിലും തെളിവ് നശിപ്പിക്കുന്നതിലും ഫ്രാങ്കോ മുളയ്ക്കലിന്​ പങ്കുണ്ടെങ്കിൽ ജാമ്യം റദ്ദാക്കണം. കേസ്​ വിചാരണ പൂർത്തിയാവുന്നതുവരെ എല്ലാ സാക്ഷികൾക്കും സംരക്ഷണം ഉറപ്പുവരുത്തണം. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. എസ്.ഒ.എസ് കൺവീനർ ഫെലിക്സ് ജെ.പുല്ലൂടൻ, ജോ.കൺവീനർ ഷൈജു ആൻറണി, അഡ്വ.ഭദ്ര, പ്രഫ.സൂസൻ ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Nun Rape case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.