File Photo

ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ച് എൻ.എസ്.എസിന്റെ നാമജപ ഘോഷയാത്ര

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാമർശത്തിനെതിരെ തിരുവനന്തപുരത്ത് എൻ.എസ്.എസ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. പാളയം ഗണപതി ക്ഷേത്രത്തിൽനിന്ന് പഴവങ്ങാടി ഗണപതി കോവിൽ വരെയായിരുന്നു പ്രകടനം. പാളയത്തെ ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ചാണ് യാത്രയാരംഭിച്ചത്.

ഗണേശവിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി നിരവധിപേർ ഘോഷയാത്രയിൽ പങ്കെടുത്തു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ദീപാരാധനയോടെ റാലി സമാപിച്ചു. രാവിലെ പഴവങ്ങാടിയിൽ 101 തേങ്ങയുടക്കുകയും ഗണപതി ഹോമം നടത്തുകയും ചെയ്തിരുന്നു.

ഷംസീർ മാപ്പ് പറയുക, സർക്കാർ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ യാത്ര തുടങ്ങും മുമ്പ് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്റ് എം.എസ്. കാർത്തികേയൻ, സെക്രട്ടറി ബിജു വി. നായർ എന്നിവർ ആവർത്തിച്ചു. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ രണ്ടാംഘട്ട സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും അവർ പറഞ്ഞു. റാലിയിൽ വിവിധ താലൂക്ക് യൂനിയൻ കമ്മിറ്റികളിൽനിന്ന് പ്രവർത്തകർ അണിനിരന്നു.

ശബരിമല യുവതി പ്രവേശന വിഷയത്തിലുണ്ടായ നാമജപ ഘോഷയാത്രയെ ഓർമിപ്പിക്കുംവിധമാണ് ഈ യാത്രയും നടന്നത്.

പ്രസ്താവന ചങ്കിൽ തറച്ചു, ശാസ്ത്രമല്ല വിശ്വാസമാണ് വലുത് -സുകുമാരൻ നായർ

ചങ്ങനാശ്ശേരി: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്നും വിശ്വാസ സംരക്ഷണത്തിന് ആർ.എസ്.എസ്, ബി.ജെ.പി ഉൾപ്പെടെ ഹിന്ദുസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിശ്വാസ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്രദർശനം നടത്തിയശേഷം മാധ്യമങ്ങേളാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു സംരംഭത്തിലും പ്രാരംഭം കുറിക്കുന്ന മഹാവിശ്വാസമാണിത്. സർക്കാറിന്‍റെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന സ്പീക്കർ പ്രതികരിച്ചത് നമ്മുടെ ആരാധനാമൂർത്തിയെ അങ്ങേയറ്റം അധിക്ഷേപിച്ചും അപമാനിച്ചുമാണ്. ഹിന്ദു സംഘടനകൾ, ആർ.എസ്.എസ്, ബി.ജെ.പി, രാഷ്ട്രീയ പാർട്ടികൾ എല്ലാംതന്നെ ഇതിനെതിരെ സജീവമായി രംഗത്തുവന്നിട്ടുണ്ട്. അവരോടൊപ്പം എൻ.എസ്.എസും സജീവമായി യോജിച്ച് പ്രവർത്തിക്കും. സ്പീക്കർ രാജിവെക്കണമെന്നൊന്നും താൻ ആവശ്യപ്പെട്ടിട്ടില്ല. വിശ്വാസത്തെ കഴിഞ്ഞ് ഒരു ശാസ്ത്രവും ഇല്ല. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. ശാസ്ത്രത്തിെനാന്നും അടിസ്ഥാനമില്ല. എൻ.എസ്.എസിന് രാഷ്ട്രീയമില്ല, ആഹ്വാനം സ്വീകരിച്ച് ബി.ജെ.പിക്കാർ ക്ഷേത്രത്തിൽ പോയെങ്കിൽ അവർ നായൻമാരായതിനാലാണ്. എ.കെ. ബാലന് ആര് മറുപടി പറയാനെന്നും സുകുമാരൻ നായർ പരിഹസിച്ചു.

Tags:    
News Summary - NSS Namajapa yathra against AN shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.