കോഴിക്കോട്: ഇത്തവണത്തെ ഹയർ സെക്കൻഡറിതല സപ്തദിന സഹവാസ ക്യാമ്പ് വിദ്യാർഥികളെയും സ്കൂളിനെയും വെള്ളം കുടിപ്പിക്കും. ഡിസംബർ 26ന് ക്യാമ്പ് തുടങ്ങി ജനുവരി ഒന്നിന് അവസാനിപ്പിക്കാനുള്ള നിർദേശമാണ് ഏകോപനക്കുറവിൽ വിദ്യാർഥികളെ വലക്കുക.
എൽ.പി സ്കൂൾ മുതൽ ഹയർസെക്കൻഡറി സ്കൂൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ക്യാമ്പ് വളന്റിയർമാർ താമസിക്കുക. ഏഴു ദിവസത്തെ ക്യാമ്പ് പൂർത്തിയാകണമെങ്കിൽ ജനുവരി ഒന്ന് വളന്റിയർമാർക്ക് പ്രവൃത്തിദിനമാകണം. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ ജനുവരി ഒന്നിന് തുറക്കുന്നതിനാൽ വളന്റിയർമാർ താമസിക്കുന്ന സ്കൂളുകളിൽനിന്ന് അവർ ഒഴിഞ്ഞുകൊടുത്തെങ്കിലേ സ്കൂൾ പ്രവർത്തനവും നടക്കൂ.
ഡിസംബർ 31ന് ക്യാമ്പ് അവസാനിക്കുമെന്ന ധാരണയിലാണ് പ്രധാനാധ്യാപകർ സ്കൂൾ വിട്ടുനൽകിയത് വളന്റിയർമാർ ഒഴിയാതെ സ്കൂൾ പ്രവർത്തനം നടത്താൻ പറ്റില്ലെന്നത് സ്കൂൾ അധികൃതരെ സമ്മർദത്തിലാക്കി.
വിദ്യാഭ്യാസ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ജനുവരി ഒന്നിനുതന്നെ സ്കൂൾ തുറക്കാൻ തന്നെയാണ് പ്രധാനാധ്യാപകർക്ക് നിർദേശം ലഭിച്ചത്. സ്ഥലപരിമിതിയുള്ള എൽ.പി, യു.പി സ്കൂളിലെ വളന്റിയർമാരെ അവരുടെ ബാഗും സാധനങ്ങളുമായി ഒഴിവാക്കിയാലേ സ്കൂൾ പ്രവർത്തനം സുഗമമായി നടത്താൻ കഴിയൂ. തങ്ങൾക്ക് ലഭിച്ച നിർദേശത്തിനനുസരിച്ചേ പ്രവർത്തിക്കാൻ കഴിയൂ എന്നാണ് പ്രധാന അധ്യാപകർ പറയുന്നത്.
വിദ്യാർഥികൾക്ക് കൃത്യമായ നിർദേശം നൽകാൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാർക്ക് കഴിയുന്നില്ല.
ഒന്നിനു രാവിലെതന്നെ ഒഴിയണമെന്ന് പല പ്രധാനാധ്യാപകരും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചില പ്രോഗ്രാം ഓഫിസർമാർ പറഞ്ഞു. ഒന്നിന് രാവിലെ ക്യാമ്പ് അവസാനിപ്പിച്ചാൽപോലും സ്കൂൾ വൃത്തിയാക്കി കൈമാറൽ ഏറെ പ്രയാസമാകുമെന്ന് പ്രധാനാധ്യാപകർ പറയുന്നു. ക്യാമ്പിന് സ്കൂൾ അനുവദിച്ച് പോയ പ്രയാസത്തിലാണ് മിക്ക പ്രധാനാധ്യാപകരും. രാവിലെ ഒഴിയാൻ ആവശ്യപ്പെടുന്ന സ്കൂളുകളിൽനിന്ന് വളന്റിയർമാർ ബാഗ് ഉൾപ്പെടെയുള്ളവ പുറത്ത് സൂക്ഷിച്ച് സ്നേഹാരാമത്തിന്റെ ഉദ്ഘാടന പരിപാടികളിൽ ഏർപ്പെടാനാണ് ജില്ല പ്രോഗ്രാം ഓഫിസർ നിർദേശിച്ചത്.
ഉദ്ഘാടന ചടങ്ങിനുമാത്രം ഒരു ദിവസം ചെലവഴിക്കേണ്ടതുണ്ടോ എന്നാണ് വിമർശനം.
പെൺകുട്ടികൾ ഉൾപ്പെടുന്ന വളന്റിയർമാർക്ക് പ്രാഥമികാവശ്യം നിറവേറ്റാനും വസ്ത്രം മാറാനും ബുദ്ധിമുട്ടാകുമെന്ന ആശങ്കയിലാണ് പ്രോഗ്രാം ഓഫിസർമാർ.
വളരെ ഉത്തരവാദിത്തത്തോടെ നടക്കേണ്ട സഹവാസ ക്യാമ്പിന്റെ ഗൗരവത്തെ ചിലർ വില കുറച്ച് കാണുകയാണെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.