‘ബാല്യങ്ങൾ കവർച്ച ചെയ്യരുത്, പഠനം സ്കൂളിൽ മാത്രമല്ല നടക്കുന്നത്‌’ -210 അധ്യയനദിനത്തിനെതി​​രെ എൻ.എസ്. മാധവൻ

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകൾക്ക് 210 അധ്യയന ദിനങ്ങൾ നിശ്ചയിച്ച് വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയതിനെതിരെ സാഹിത്യകാരൻ എൻ.എസ്. മാധവൻ. കുട്ടികൾക്ക്‌ ഒഴിവുദിവസങ്ങൾ തിരിച്ചുനൽകണമെന്നും അവരുടെ ബാല്യങ്ങൾ കവർച്ച ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിഷ്കൃത രാജ്യമായ ഫ്രാൻസിൽ ആഴ്ചയിൽ നാലുദിവസം വീതം ആകെ 144 പഠനദിവസങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.കെയിൽ 190 ഉം യു.എസിൽ 160 മുതൽ 180 വ​രെയുമാണ് വാർഷിക അധ്യയന ദിനങ്ങൾ. ജപ്പാനിൽ 210 ദിനങ്ങളുടെണ്ടങ്കിലും അതിൽ നല്ലൊരു ഭാഗം പാഠ്യേതര വിഷയങ്ങൾക്കും ഫീൽഡ്‌ ട്രിപ്പുകൾക്കും മാറ്റിവെക്കും -എൻ.എസ് മാധവൻ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

‘പഠനം സ്കൂളുകളിൽ മാത്രമല്ല നടക്കുന്നത്‌. കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്‌. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ്‌ അവരുടെ ലക്ഷ്യം. എന്നാൽ, വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ്‌ വളരെ പ്രധാനമാണ്‌. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച്‌ വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ’ -അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂളുകൾ മധ്യവേനലവധിക്ക് അടയ്ക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റിയും 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയുമാണ് വിദ്യാഭ്യാസവകുപ്പ് 210 അധ്യയന ദിനങ്ങൾ നിശ്ചയിച്ചത്. സ്കൂൾ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നേരത്തേ 220 അധ്യയനദിനങ്ങൾ തികക്കാൻ ലക്ഷ്യമിട്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം. ആഴ്ചയിൽ ആറ് പ്രവൃത്തിദിവസം വരുന്ന രീതിയിൽ ശനിയാഴ്ച അധ്യയനദിനമാക്കുന്നതിൽ അധ്യാപക സംഘടനകളിൽനിന്ന് എതിർപ്പുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് 210 അധ്യയനദിനങ്ങൾ നടപ്പാക്കാനും അതിനനുസൃതമായി മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിന് പകരം ഏപ്രിൽ ആറുവരെ അധ്യയനദിനം നീട്ടാനും തീരുമാനിച്ചത്.

വിദ്യാഭ്യാസ കലണ്ടർ പ്രകാരം ജൂൺ മൂന്ന് (ശനിയാഴ്ച) അധ്യയന ദിനമാക്കിയിട്ടുണ്ട്. ഇതുപ്രകാരം കുട്ടികളുടെ എണ്ണമെടുക്കേണ്ട ആറാം പ്രവൃത്തിദിനമായി ജൂൺ ഏഴ് നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. എന്നാൽ, കേരള വിദ്യാഭ്യാസ ചട്ടപ്രകാരം സ്കൂളുകൾ ജൂണിലെ ആദ്യ പ്രവൃത്തിദിനത്തിൽ തുറക്കുകയും മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിൽ മധ്യവേനലവധിക്കായി അടയ്ക്കുകയും ചെയ്യണം. ഇതിൽ മാറ്റമുണ്ടെങ്കിൽ അക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനം ചെയ്യണമെന്നാണ് കെ.ഇ.ആർ വ്യവസ്ഥ.

ജൂൺ മൂന്നിന് പുറമെ ജൂലൈ ഒന്ന്, 22, 29, ആഗസ്റ്റ് 19, സെപ്റ്റംബർ 23, 30, ഒക്ടോബർ ഏഴ്, 28, ജനുവരി ആറ്, 27, മാർച്ച് 16, 23 എന്നിങ്ങനെ 13 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെയും പ്രവൃത്തിദിവസമാണ്.

ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കുമെന്നും ഇവർക്ക് 192 അധ്യയന ദിനങ്ങളാവും ഉണ്ടാകുകയെന്നും വിദ്യാഭ്യാസ കലണ്ടറിൽ പറയുന്നു. അതേസമയം, മധ്യവേനലവധിക്ക് സ്കൂളുകൾ അടയ്ക്കുന്നത് മാർച്ചിൽനിന്ന് ഏപ്രിലിലേക്ക് മാറ്റാൻ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തത് അംഗീകരിക്കില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അറിയിച്ചു.

എൻ.എസ്. മാധവന്റെ ട്വീറ്റിന്റെ പൂർണരൂപം:

​കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്‌. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ്‌ അവരുടെ ലക്ഷ്യം.

എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ്‌ വളരെ പ്രധാനമാണ്‌. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച്‌ വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ.

പരിഷ്കൃത രാജ്യങ്ങളിലെ പഠനദിവസങ്ങൾ ചില ഉദാഹരണങ്ങളിലൂടെ.

യു കെ - 190

യു എസ്‌ - 160-180

ഫ്രാൻസ്‌ - 144 (ആഴ്ചയിൽ 4 ദിവസം)

ജപ്പാനിൽ 210 - അതിൽ നല്ലൊരു ഭാഗം പാഠ്യേതര വിഷയങ്ങൾക്കും ഫീൽഡ്‌ ട്രിപ്പുകൾക്കും. വിദ്യാഭ്യാസ വകുപ്പ്‌

കുട്ടികൾക്ക്‌ ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക. അവരുടെ ബാല്യങ്ങൾ കവർച്ച ചെയ്യാതിരിക്കുക. പഠനം സ്കൂളുകളിൽ മാത്രമല്ല നടക്കുന്നത്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.