ആരുടെയും വോട്ട് നിരസിക്കില്ല, യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഡീലെന്നും ഇ.പി. ജയരാജൻ

കോഴിക്കോട്: എസ്.ഡി.പി.ഐയുടെ അടക്കം ആരുടെയും വോട്ട് നിരസിക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജൻ. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഡീലെന്നും പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കുന്നത് തികച്ചും അസംബന്ധമാണ്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഡീൽ. അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ കാണാനാകും. ഒരുമാസം മുമ്പല്ലെ ഹരിയാന രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നത്. അവിടെ എങ്ങനെയാണ് ബി.ജെ.പി ജയിച്ചുവന്നത്, അവർക്ക് എം.പിമാരുണ്ടായത്. ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരുടെയും വോട്ട് വേണം എന്നോ, വേണ്ടാ എന്ന പറയില്ല. ഇടതുപക്ഷ‍ം കരുത്ത് നേടിയാൽ മാത്രമേ നാടിന് പുരോഗതിയുണ്ടാകു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വോട്ടു വേണ്ടായെന്ന് ഒരു പാർട്ടിയും പറയില്ലെന്നും ജയരാജൻ പ്രതികരിച്ചു.

ജി. സുധാകരൻ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടത് സംഘടന ദൗർബല്യം കൊണ്ടാണോ എന്നത് തെരഞ്ഞെടുപ്പിനുശേഷം പാർട്ടി പരിശോധിക്കും. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം വെക്കാൻ മറ്റൊരാളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷം തൊടുത്ത ‘ഡീൽ’ ആരോപണം ചർച്ചയായതോടെ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള പതിവ് പ്രചാരണതന്ത്രത്തിലേക്ക് സി.പി.എം ചുവടുമാറ്റിയിരിക്കുകയാണ്. കെ.എം. ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഉറച്ച സീറ്റ് നൽകിയത് ജമാഅത്തെ ഇസ്‍ലാമിയെ തൃപ്തിപ്പെടുത്താനാണെന്ന എ.കെ. ബാലന്‍റെ പരാമർശത്തോടെയാണ് പ്രചാരണത്തിന്റെ തുടക്കം. ജമാഅത്തെ ഇസ്‍ലാമി പറഞ്ഞ ആളുകളെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയതെന്ന പരാമർശവുമായി പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും രംഗത്തെത്തി.

ജമാഅത്തെ ഇസ്ലാമിയുടെ മുദ്രാവാക്യങ്ങൾ അടുത്ത ദിവസം ലീഗിന്റേതും കോൺഗ്രസിന്റേതുമാകുമെന്ന് എം. സ്വരാജ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് എം.കെ. മുനീറിനെ സ്ഥാനാർഥിയാക്കാത്തതെന്നും അവരുടെ നിയന്ത്രണത്തിലാണ് ലീഗെന്നുമായിരുന്നു എളമരം കരീമിന്‍റെ പരാമർശം.

സി.പി.എം-ബി.ജെ.പി ഡീൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ചയും ആവർത്തിച്ചു. സി.പി.എം-ബി.ജെ.പി ഡീൽ ആരംഭിച്ചത് 2021 മുതലാണ്. 2021ൽ മോദിയും പിണറായിയും തയാറാക്കിയ ഡീലാണ്. ബി.ജെ.പി-സി.പി.എം താൽപര്യങ്ങൾ ഒന്നാണ്. ഇരുവർക്കും കോൺഗ്രസ് മുക്ത നാടാണ് ലക്ഷ്യം. യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിൽ യു.ഡി.എഫിന് അനുകൂല തരംഗമാണ്. 100 സീറ്റിൽ തിരിച്ചുവരും. സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    
News Summary - Not reject anyone's vote, the deal is between the UDF and the BJP -EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.