ശാലിനി
നെടുമങ്ങാട്: തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ഥാനാർഥിത്വം ലഭിക്കാത്തതിന്‍റെ പേരിൽ ബി.ജെ.പി നേതാവിന്‍റെ ആത്മഹത്യാ ശ്രമം. ബി.ജെ.പി പ്രവർത്തകയും നെടുമങ്ങാട് സ്വദേശിയുമായ ശാലിനി സനിൽ (32) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻതന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാലിനി അപകടനില തരണം ചെയ്തിട്ടുണ്ട്.
ബി.ജെ.പിയുടെ സജീവ പ്രവർത്തകയായ ശാലിനി നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. ഫ്ലക്സും പോസ്റ്ററും അടിക്കുകയും ചെയ്തു. സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ ശാലിനിയെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെ ചിലർ വ്യക്തിഹത്യ നടത്തിയെന്നും ശാലിനി പറയുന്നു.
വ്യക്തിഹത്യ നടത്തിയ സാഹചര്യത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നൽകില്ലെന്ന് പാർട്ടിയിൽ നിന്നും ആരും പറഞ്ഞിട്ടില്ല. 10 വർഷം മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ചിലർ അപവാദപ്രചരണം നടത്തി. അവർ തന്നെയാണ് ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നതെന്നും ശാലിനി വ്യക്തമാക്കി.
ശനിയാഴ്ചയാണ് തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരം പ്ലാവിള ജയ് നഗർ റെസിഡന്റ്സ് അസോസിയേഷൻ സരോവരത്തിൽ ആനന്ദ് കെ. തമ്പിയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടോടെ വീടിന് സമീപത്തെ ഷെഡിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. സുഹൃത്തുക്കൾക്ക് വാട്സ് ആപ്പിലൂടെ കുറിപ്പ് അയച്ചശേഷമാണ് ആത്മഹത്യ. കുറിപ്പില്‍ ബി.ജെ.പി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
തന്റെ ഭൗതികശരീരം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ കാണിക്കരുതെന്നുണ്ട്. മൂന്ന് നേതാക്കളുടെ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. മണൽ മാഫിയയുമായി ബന്ധമുള്ള നേതാക്കൾ മാഫിയക്കാരനെ സ്ഥാനാർഥിയാക്കിയെന്ന് കുറിപ്പിൽ പറയുന്നു.
സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ആനന്ദ് തൃക്കണ്ണാപുരത്ത് പ്രചാരണം തുടങ്ങിയിരുന്നു. പട്ടിക വന്നപ്പോൾ മറ്റൊരു പേരാണുണ്ടായത്. പിന്നാലെ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ശിവസേനയിൽ അംഗത്വവുമെടുത്തു. സ്വതന്ത്രനാകാൻ തീരുമാനിച്ചശേഷം സമ്മർദം താങ്ങാനാകുന്നില്ലെന്ന് പരിചയക്കാരോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.