തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുന്നിടത്തോളം കേരളത്തിലെ ഒരു ബസ് ഡിപ്പോകളും പൂട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ആര്യനാട് കെ.എസ്..ആർ.ടി.സി വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തിലെ ഒരു ഡിപ്പോകളും ഓപ്പറേറ്റിങ് സെന്ററുകളും പൂട്ടില്ലെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണത്തിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ഡിപ്പോയിലുമുള്ള ഓഫീസ് സംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ ക്രമീകരണത്തിൽ മാറ്റം വരുത്തും.
നിലവിൽ 98 ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളാണ് ജില്ലയിലുള്ളത്. ഇത് അധിക ചെലവാണ്. അതിനാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ ഒരു ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വീതം ആക്കാൻ തീരുമാനിച്ചു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് രണ്ട് ഓഫീസ് സംവിധാനം ഉണ്ടാകും.
വരുന്ന പതിനെട്ടാം തീയതി മുതൽ 98 ഓഫീസ് എന്നത് പതിനഞ്ചായി ചുരുക്കും. ഇതുമൂലം പൊതുജനങ്ങൾക്കോ ഡിപ്പോയിലെ പ്രവർത്തനങ്ങൾക്കോ യാതൊരു കോട്ടവും തട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായ ചടങ്ങിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ആര്യനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി.രാജേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.