തമിഴ്​നാട്​ സർക്കാറിന്​ അധികാരത്തിൽ തുടരാൻ അവകാശമില്ല -വി.എസ്​

തിരുവനന്തപുരം: തൂത്തുക്കുടിയിൽ നിലനില്‍പ്പിനായി സമരം ചെയ്ത നാട്ടുകാരെ കൂട്ടക്കൊല ചെയ്ത തമിഴ്നാട് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്ന്​ വി.എസ് അച്യുതാനന്ദന്‍. വേദാന്ത കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലൈറ്റ് കമ്പനി നടത്തുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ നാട്ടുകാര്‍ നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു സര്‍ക്കാര്‍. ജനകീയ പ്രക്ഷോഭങ്ങളോട് മുഖംതിരിക്കുക മാത്രമല്ല, കുത്തക കമ്പനിയുടെ തൂത്തുക്കുടിയിലെ പ്ലാന്‍റ് വിപുലീകരിക്കാനുള്ള ഒത്താശ ചെയ്യുകയും ചെയ്​തുവെന്നും വി.എസ്​ ആരോപിച്ചു. 

സഹികെട്ട നാട്ടുകാര്‍ അവരുടെ പ്രക്ഷോഭം ശക്തിപ്പെടുത്തുകയായിരുന്നു. പ്രക്ഷോഭത്തിന്‍റെ നൂറാം നാള്‍ സമാധാനപരമായി ജില്ലാ കളക്റ്ററുടെ ഓഫീസ് പിക്കറ്റ് ചെയ്യാനെത്തിയ പതിനായിരക്കണക്കിന് ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ, ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി അവര്‍ക്കുനേരെ നിറയൊഴിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വെടിവെപ്പ് ബോധപൂര്‍വ്വമായിരുന്നെന്നും, സമരനേതാക്കളെ തെരഞ്ഞുപിടിച്ച് വെടിവെച്ചിടുകയായിരുന്നുവെന്നും തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ലാഭക്കൊതി മൂത്ത കോര്‍പ്പറേറ്റുകള്‍ക്ക് വികസനത്തിന്‍റെ പേരില്‍ വിടുപണി ചെയ്യുന്ന സര്‍ക്കാരുകള്‍ ജനാധിപത്യ വ്യവസ്ഥയുടെ ശാപമാണ്. മുഖം രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന അന്വേഷണങ്ങളല്ല, ജനകീയാവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും, വെടിവെപ്പിന് ഗുഢാലോചന നടത്തിയ ഉന്നതരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയുമാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു

Tags:    
News Summary - No right to TN Government to Continue in Power, VS - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.