തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷാരംഭത്തിനുള്ള ഒരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. ഭരണമാറ്റത്തിന്റെ പുതുമകൾ ഉൾക്കൊണ്ടുകൊണ്ട്, മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ വിദ്യാലയങ്ങൾ കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്നത്.
പതിവുപോലെ വിപുലമായ പ്രവേശനോത്സവത്തോടെയായിരിക്കും കുട്ടികളെ സ്കൂളുകളിലേക്ക് സ്വീകരിക്കുക. എന്നാൽ ചടങ്ങുകളിൽ ചില പ്രധാന പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങുകളിലെ നെടുനീളൻ പ്രസംഗങ്ങൾ ഇത്തവണ ഉണ്ടാകില്ല. അതിനുപകരം കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലുള്ള അവതരണ പരിപാടികൾ നിർബന്ധമാക്കിയിട്ടുണ്ട്.
കുട്ടികളെ വെയിലത്ത് അണിനിരത്തി സ്കൂളുകൾക്ക് പുറത്ത് നടത്തുന്ന ഘോഷയാത്രകൾ ഇത്തവണ പാടില്ലെന്ന് കർശന നിർദേശമുണ്ട്. നവാഗതരെ വരവേൽക്കുന്ന പരിപാടികൾ വലിയ സാമ്പത്തികച്ചെലവില്ലാതെ, പ്രാദേശിക സാമൂഹിക പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള നിർദേശം.
സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഒന്നാം ക്ലാസിലേക്കുള്ള പുസ്തകങ്ങൾ നിലവിൽ എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട്. മറ്റ് ക്ലാസുകളിലെ ചില പുസ്തകങ്ങൾ കൂടി വിതരണം ചെയ്യാനുണ്ട്. മെയ് 29, 30 തിയതികളോടെ എല്ലാ സ്കൂളുകളിലും പ്രധാന ടെക്സ്റ്റ് ബുക്കുകൾ എത്തിക്കും. ശേഷിക്കുന്ന പുസ്തകങ്ങൾ ജൂൺ ആദ്യവാരത്തോടെ ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി.
സ്കൂൾ യൂണിഫോം വിതരണം പൂർണ്ണമായിട്ടില്ല. യു.പി, ഹൈസ്കൂൾ, എയ്ഡഡ് സ്കൂളുകൾക്ക് യൂണിഫോം വാങ്ങുന്നതിനായി സർക്കാർ തുക അനുവദിക്കുന്ന പതിവുണ്ട്. ഈ തുക ലഭ്യമാക്കുന്നതിലെ താമസം കാരണം പല സ്കൂളുകളിലും ഇത്തവണ യൂണിഫോം വിതരണം വൈകാനാണ് സാധ്യത. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തവണ കടുത്ത ഫിറ്റ്നസ് മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾ കെട്ടിടങ്ങളോട് ചേർന്ന് അപകടസാധ്യതയുള്ള രീതിയിൽ വൈദ്യുതിത്തൂണുകളോ ഇലക്ട്രിക് വയറുകളോ ഉണ്ടാകാൻ പാടില്ല. സ്കൂൾ പരിസരത്ത് ട്രാൻസ്ഫോർമറുകൾ ഇല്ലെന്ന് ഉറപ്പാക്കി കെ.എസ്.ഇ.ബിയിൽ നിന്നും പ്രത്യേകം എതിർപ്പില്ലാ രേഖ (NOC) വാങ്ങണം. സ്കൂളുകളുടെ ചുറ്റുമതിൽ ബലപ്പെടുത്തുക, വിഷപ്പാമ്പുകൾ കയറുന്നത് തടയാൻ മാളങ്ങൾ അടക്കുക എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കണം. ഇവ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചിട്ടുള്ള 17 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ സ്കൂളുകൾക്ക് പ്രവർത്തനാനുമതിയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.