സി.കെ ജാനു
കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഭൂസമര നായികയും ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റുമായ സി.കെ. ജാനു ആവശ്യപ്പെട്ടു. ഭൂസമരത്തിനിടെ ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുന്നതിനിടയിലും തുടർന്നുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിലും സമഗ്ര അന്വേഷണം നടത്തണം. ശേഷിക്കുന്ന കേസ് റദ്ദു ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കെ.വി. വിനോദും ജോഗിയും ഒരേ സ്‌ഥലത്താണ് മരണപ്പെട്ടത്. പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കോടി ശിക്ഷ വിധിച്ചു. എന്നാൽ, ജോഗിയുടെ മരണത്തിൽ എഫ്.ഐ.ആർ ഇടുകയല്ലാതെ അന്വേഷണങ്ങളുണ്ടായില്ല. ഇതു വിവേചനമാണ്. സാധാരണ സമരങ്ങളെ നേരിടുന്നതിലും വ്യത്യസ്‌തമായ പൊലീസ് നടപടിയാണ് അന്നു മുത്തങ്ങയിലുണ്ടായത്. ജോഗി വെടികൊണ്ടാണു കൊല്ലപ്പെടുന്നത്. എന്നിട്ടും ജോഗിയുടെ മരണത്തിൽ എഫ്.ഐ.ആർ മാത്രമാണുള്ളത്. ജോഗിയുടെ മരണത്തെകുറിച്ച് മനുഷ്യാവകാശ കമീഷൻ പോലുള്ള ഏജൻസികൾക്ക് അന്വേഷണം നടത്താമെന്ന് ഹൈകോടതി നിർദേശമുണ്ടായിട്ടും തുടർനടപടികളുണ്ടായില്ല. സമരവുമായി ബന്ധപ്പെട്ട് അതിക്രമങ്ങൾക്ക് ഇരയായി മരിച്ച ആദിവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. 1975ലെ ആദിവാസി ഭൂനിയമവും 2006ലെ വനാവകാശ നിയമവും 2001ലെ കുടിൽകെട്ടി സമരത്തിൽ അന്നത്തെ സർക്കാറുമായുണ്ടാക്കിയ കരാറും ഉടൻ നടപ്പാക്കണമെന്നും ജാനു ആവശ്യപ്പെട്ടു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി ബാബു കാര്യമ്പാടി, ട്രഷറർ ദേവി ചക്കിണി, ബിജു കാക്കത്തോട് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.