വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്ന് പരാതി; പഞ്ചായത്ത് ഓഫീസിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

മലപ്പുറം : വർഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാത്തതിൽ മനംനൊന്ത് പഞ്ചായത്ത് ഓഫീസിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെട്രോൾ കുപ്പിയുമായി ഓഫീസിനുള്ളിൽ എത്തിയത്.

തങ്ങളുടെ വീട്ടിലേക്ക് വാഹനങ്ങൾക്കും നടന്നുപോകാനും യോഗ്യമായ രീതിയിൽ വഴി നിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ഓഫീസിന്റെ പടി കയറിയിറങ്ങുകയാണ് ഈ കുടുംബം. എന്നാൽ റോഡ് ഉൾപ്പെടുന്ന ഭൂമി ഔദ്യോഗികമായി ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിചിത്ര കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതർ തങ്ങളുടെ അപേക്ഷ നിരന്തരം അവഗണിക്കുകയാണെന്ന് ഗോപാലൻ പറഞ്ഞു. നിരന്തരമായ അവഗണനയിൽ മനംമടുത്താണ് ഇത്തരത്തിലുള്ള കടുത്ത നടപടിയിലേക്ക് തിരിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി.

സംഭവമറിഞ്ഞയുടൻ വാഴക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടുംബവുമായി അടിയന്തര ചർച്ച നടത്തി. റോഡ് പ്രശ്നത്തിൽ എത്രയും വേഗം നിയമപരമായ ഇടപെടലുകൾ നടത്തി പരിഹാരം കാണാമെന്ന് പോലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.

Tags:    
News Summary - Family Threatens Self-Immolation at Panchayat Office Over Road Access Dispute in Vazhayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.