ഇനി തർക്കത്തിനില്ല; ആംബുലൻസുകൾക്ക് വാടക നിരക്ക് നിശ്ചയിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്ഥലങ്ങളിൽ ആംബുലൻസുകാർ അമിത ചാർജ് വാങ്ങുന്നുവെന്ന പരാതി നിലവിലുണ്ട്.

നിരക്ക് സംബന്ധിച്ച ഉത്തരവ് രോഗികൾക്ക് സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് 600 മുതൽ 2500 രൂപ വരെ വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. നോൺ എ.സി ആംബുലൻസിന് ആദ്യ 20 കി.മീറ്ററിന് 600 രൂപയാണ് വാടക. പിന്നീടുള്ള ഓരോ കിമീറ്ററിനും 20 രൂപ നൽകണം.

ഓക്സിജൻ ആവശ്യമായി വന്നാൽ 200 രൂപ അധികം നൽകണം. എ.സിയുള്ള ഒമ്നി ആംബുലൻസിന് ആദ്യ 20 കി. മീറ്ററിന് 800 രൂപ നൽകണം. പിന്നീട് കി. മീറ്ററിന് 25 രൂപ നൽകണം. നോൺ എ.സി ട്രാവലർ ആംബുലൻസിന് 1000 ​രൂപയാണ് ആദ്യ 20 കി. മീറ്ററിനു നൽകേണ്ടത്. പിന്നീട് കി. മീറ്റർ തോറും 30 രൂപ നൽകണം.

വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. ഡി.ലെവൽ (ഐ.സി.യു സൗകര്യവും ടെക്നീഷ്യൻസ് ഉള്ളതുമായ) ആംബുലൻസുകൾക്ക് 2500 ​രൂപയാണ് ആദ്യ 20 കി. മീറ്ററിനു നൽകേണ്ടത്. പിന്നീട് കി. മീറ്റർതോറും 50 രൂപ നൽകണം.

വെയ്റ്റിങ് ചാർജ് 350 രൂപ. കാൻസർ രോഗികളെയും 12 വയസിനു താഴെയുള്ളവരെയും കൊണ്ടുപോകാൻ കി. മീറ്ററിനു രണ്ടു രൂപ ഇളവു നൽകണം. ബി.പി.എൽ വിഭാഗക്കാരെ കൊണ്ടു പോകുമ്പോൾ ഡി. ലെവൽ ആംബുലൻസുകൾ വാടകയിൽ 20 ശതമാനം കുറവു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. നിരക്ക് ആംബുലൻസുകളിൽ പ്രദർശിപ്പിക്കണം.

Tags:    
News Summary - No more arguing; An order has been issued fixing the rental rates for ambulances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.