കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ മ​ല​യാ​ള​മി​ല്ലാ​തെ 74 സ്​​കൂ​ളു​ക​ൾ

കാസർകോട്: സംസ്ഥാനത്തെ സ്കൂളുകളിൽ പത്താംതരം വരെ മലയാളം നിർബന്ധമാക്കുന്ന ഒാർഡിനൻസ് നിയമമായാലും കാസർകോട് ജില്ലയിൽ അത് നടപ്പാക്കുക എളുപ്പമാകില്ല. ജില്ലയിൽ മലയാളം മീഡിയം ക്ലാസുകളോ മാതൃഭാഷ പഠിപ്പിക്കുന്ന അധ്യാപകരോ ഇല്ലാത്ത 74 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 21 സ്കൂളുകൾ സർക്കാർ മേഖലയിലുള്ളവയാണ്.

കാസർകോട് വിദ്യാഭ്യാസ ജില്ലയിലാണ് മലയാളം പഠിപ്പിക്കാത്ത സ്കൂളുകൾ ഏറ്റവും കൂടുതലുള്ളത്. മഞ്ചേശ്വരം ഉപജില്ല വിദ്യാഭ്യാസ ഒാഫിസിന് കീഴിൽ 47 സ്കൂളുകളും കുമ്പള ഉപജില്ലയിൽ 22 സ്കൂളുകളും കാസർകോട് ഉപജില്ലയിൽ നാല് സ്കൂളുകളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹോസ്ദുർഗ് ഉപജില്ലയിൽ ഒരു സ്കൂളും മാതൃഭാഷ പഠിപ്പിക്കാത്തവയാണ്. മലയാളം പഠിപ്പിക്കുന്ന സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകൾ തന്നെ ജില്ലയിലുണ്ട്.  

ഭാഷ ന്യൂനപക്ഷങ്ങളുള്ള സംസ്ഥാന അതിർത്തിയിലെ സ്കൂളുകളിലും മലയാള പഠനം നിർബന്ധമാക്കുമെന്ന് ഒാർഡിനൻസിൽ പറയുന്നുണ്ടെങ്കിലും ഇത്രയും സ്കൂളുകളിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് മലയാളം മീഡിയം ഏർപ്പെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

സംസ്ഥാന രൂപവത്കരണത്തിനുശേഷം ഭാഷ ന്യൂനപക്ഷ മേഖലയെന്ന പ്രത്യേക പരിഗണന നൽകിയാണ് കന്നട മാതൃഭാഷയാക്കിയവർക്കുവേണ്ടി മലയാളം പഠിപ്പിക്കാത്ത സ്കൂളുകൾ അനുവദിച്ചത്. ഇതോടൊപ്പം കാസർകോട് വിദ്യാഭ്യാസ ജില്ല ഒാഫിസറും ഇതി​െൻറ പരിധിയിലെ മൂന്ന് ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാരും കന്നട മേഖലയിൽ നിന്നുള്ളവരാകണമെന്ന അലിഖിത നിയമവും നിലവിൽവന്നു.  ഭരണഭാഷ മലയാളമായി പ്രഖ്യാപിക്കുകയും ഭാഷ സംരക്ഷണ പ്രവർത്തനങ്ങൾ ഉൗർജിതമാവുകയും ചെയ്തെങ്കിലും ഇൗ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാനുള്ള നടപടി ഇതുവരെ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

വിദ്യാർഥികൾ വേണ്ടത്രയില്ലെന്ന കാരണം പറഞ്ഞ് നിലവിലുള്ള മലയാളം ഡിവിഷനുകൾ ഒഴിവാക്കുന്ന പ്രവണതയും ഇൗ മേഖലയിൽ തുടരുന്നു. കുമ്പഡാജെ പഞ്ചായത്തിലെ പണിയ എ.എൽ.പി സ്കൂളിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ നാല് മലയാളം അധ്യാപക തസ്തികകളാണ് കുട്ടികളില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്. കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട ഇൗ സ്കൂളിൽ മലയാളം മീഡിയത്തിൽ 22 കുട്ടികളുണ്ടായിട്ടും ഡിവിഷൻ റദ്ദാക്കി അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുകയായിരുന്നു.

കന്നട മീഡിയത്തിൽ ഡിവിഷൻ അംഗീകാരം ലഭിക്കാൻ ക്ലാസിൽ എട്ട് കുട്ടികളുണ്ടായാൽ മതിയെങ്കിലും 10 കുട്ടികളുണ്ടായാൽ ഡിവിഷൻ അംഗീകരിക്കാമെന്ന കെ.ഇ.ആർ ചട്ടത്തി​െൻറ പരിരക്ഷപോലും മലയാളത്തിന് ലഭിക്കുന്നില്ലെന്ന് അധ്യാപകർ പറയുന്നു. 

Tags:    
News Summary - no malayalam at 74 schools in kasarkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.