ലോഡ് ഷെഡിങ് ഇല്ല; പ്രാദേശിക നിയന്ത്രണം ഫലംകണ്ടു

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയമെന്ന് ഉന്നതതലയോഗത്തിൽ വിലയിരുത്തൽ. പ്രാദേശികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലംകണ്ട സാഹചര്യത്തിൽ സംസ്ഥാനതല ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

അതേസമയം, പീക്ക് സമയത്ത് ലോഡ് കൂടുതലുള്ളയിടങ്ങളിലെ പ്രാദേശിക നിയന്ത്രണങ്ങൾ തുടരും. വൻകിട വൈദ്യുതി ഉപഭോക്താക്കൾ, ജല അതോറിറ്റി, ചെറുകിട ജലസേചനം, മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 117 മെഗാവാട്ടിന്‍റെ കുറവുണ്ട്. വേനൽമഴ കിട്ടിയതിന്‍റെ പ്രതിഫലനം വൈദ്യുതി ഉപയോഗത്തിലുണ്ട്. ട്രാൻസ്ഫോർമർ, ട്രാൻസ്ഫോർമർ ഓയിൽ, വൈദ്യുതി മീറ്റർ എന്നിവയുടെയും മറ്റ് സാധനസാമഗ്രികളുടെയും ലഭ്യത വിലയിരുത്തി. ട്രാൻസ്ഫോർമറുകൾ തകരാറായതിന്‍റെ കണക്കുകളും പരിശോധിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ‘കെൽ’ കമ്പനിക്കാണ് വിതരണ ഓർഡർ നൽകിയത്. ട്രാൻസ്ഫോർമർ ലഭ്യമാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. മറ്റ് സ്ഥാപനങ്ങളില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ട്.

കേടായ മീറ്ററുകൾ മാറ്റാൻ നടപടി തുടങ്ങി. പ്രതിസന്ധി ചർച്ച ചെയ്യാൻ ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ യോഗം മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്നു. ഇതിന്‍റെ തുടർച്ചയായാണ് വ്യാഴാഴ്ചത്തെ യോഗം. പ്രസരണ-വിതരണ മേഖലയിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ നിലവിലെ സ്ഥിതി വിശദീകരിച്ചു.

വൈദ്യുതി മുടക്കം ഒഴിവാക്കണം; അറ്റകുറ്റപ്പണി വേഗത്തിലാക്കും

തിരുവനന്തപുരം: വിവിധ ജില്ലകളിൽ അനുഭവപ്പെടുന്ന വോൾട്ടേജ് പ്രശ്നങ്ങളും തുടർച്ചയായ വൈദ്യുതി മുടക്കവും ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് ഉന്നതതലയോഗം നിർദേശം നൽകി. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തകരാറും ഉണ്ടായ മേഖലകളിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര അറ്റകുറ്റപ്പണി നടത്തും.

പ്രസരണ മേഖല ശക്തിപ്പെടുന്നതിന് നിർമാണം പുരോഗമിക്കുന്ന സബ്സ്റ്റേഷനുകൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.കേടായ ട്രാൻസ്ഫോർമറുകൾ നന്നാക്കുന്ന കേന്ദ്രങ്ങളിൽ കൂടുതൽ ഷിഫ്റ്റുകൾ ഏർപ്പെടുത്തും. കൺട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - No load shedding; Local control was effective

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.