വായ്പ തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവായില്ല; വാഹന ഉടമക്ക് 1.2 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി: വായ്പ മുഴുവൻ അടച്ച് തീർത്തിട്ടും വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് രേഖകൾ നൽകാത്ത ധനകാര്യ സ്ഥാപനത്തിന്‍റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം കോതാട് സ്വദേശി കെ.വി. ആൻറണി, ഹിന്ദുജ ലൈലാൻഡ് ഫിനാൻസിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2012 നവംബറിലാണ് ആൻറണി വാഹനവായ്പ എടുത്തത്. 47 ഗഡുക്കളായി തുക തിരിച്ചടക്കുകയും ചെയ്തു. എന്നാൽ തിരിച്ചടവിൽ വീഴ്ചവരുത്തി എന്നാരോപിച്ച് വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിക്കാതിരിക്കുകയും സിബിൽ സ്കോർ പ്രതികൂലമായി മാറ്റുകയും ചെയ്തു. ഗുഡ്സ് വാഹനം ഓടിച്ച് ജീവിക്കുന്ന പരാതിക്കാരന് ഇതുമൂലം തൊഴിൽപരമായി ഏറെ ബുദ്ധിമുട്ടുകളും വലിയ സാമ്പത്തിക നഷ്ടവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

വായ്പത്തുക മുഴുവൻ അടച്ചുതീർത്തതിനുശേഷവും ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് രേഖകൾ നൽകാത്ത ഫിനാൻസ് സ്ഥാപനത്തിന്‍റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി കണ്ടെത്തി.

വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് മുഴുവൻ രേഖകളും 30 ദിവസത്തിനകം പരാതിക്കാരന് നൽകണം. പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങൾക്കും ധനനഷ്ടത്തിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും നൽകണമെന്നും ഉപഭോക്തൃ തർക്ക പരിഹാര കോടതി എതിർകക്ഷിക്ക് നിർദേശം നൽകി. പരാതിക്കാരനു വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രൻ ഹാജരായി.

Tags:    
News Summary - No hypothication removal after repayment of loan 1.2 lakh compensation to the vehicle owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.