പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭ്യമായില്ല. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.സി.ടി.വികൾ പരിശോധിച്ചത്. സി.സി.ടി.വി ഡി.വി.ആറിന്റെ ബാക്ക് അപ്പ് കുറവായിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് അറിയുന്നത്.
ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സി.സി.ടി.വി ബാക്ക് അപാണ്. അതിജീവിത രാഹുലിന്റെ ഫ്ലാറ്റ് സന്ദര്‍ശിച്ചുവെന്ന് പറയപ്പെടുന്ന ദിവസത്തേയും പിറ്റേ ദിവസത്തെയും ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭ്യമാകാതിരുന്നത്. ദൃശ്യങ്ങള്‍ കണ്ടുകെട്ടാന്‍ കഴിയാത്തതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തി കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. എന്നാൽ രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം. തെളിവ് ശേഖരിക്കുന്നതിനായി സമീപത്തെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനും പ്രത്യേക അന്വേഷണസംഘം തയാറെടുക്കുന്നുണ്ട്.
പാലക്കാട് പൊലീസും പ്രത്യേക അന്വേഷണസംഘവും 12മണിയോടെയാണ് പരിശോധന ആരംഭിച്ചത്. രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തി.
പീഡനപരാതിയില്‍ രാഹൂല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നിര്‍ദേശമുണ്ടായിരുന്നു. രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. രാഹുൽ പോയത് ഏത് വഴിയെന്ന് കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്.
വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്.ഐ.ടിയുടെ ആവശ്യപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. ബന്ധുക്കളില്‍ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, സോഷ്യല്‍മീഡിയയില്‍ രാഹുല്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സൈബർ ആക്രമണത്തിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.