പൊലീസിന്റെ തെറ്റായ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തി വീശുന്നു (വാർത്ത പേജ് 4)
തിരുവനന്തപുരം: പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശനനടപടി സ്വീകരിക്കാനും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരായ നടപടി വേഗത്തിലാക്കാനും പൊലീസ് ഉന്നതതല യോഗത്തിൽ തീരുമാനം. സാമൂഹിക മാധ്യമങ്ങൾ ശക്തമായ കാലഘട്ടത്തിൽ ചെറിയ സംഭവങ്ങൾ പോലും ഏറെ വിമർശനങ്ങൾക്ക് കാരണമാകുന്നതിനാൽ വളരെ കരുതലോടെ വേണം പൊതുജനങ്ങളോട് ഇടപെടാനെന്ന് ജില്ല പൊലീസ് മേധാവികൾ പൊലീസുകാർക്ക് നിർദേശം നൽകണം.
പൊതുജനങ്ങളോടുളള പൊലീസിന്റെ സമീപനം പൊതുവേ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. ഈ പ്രവണത അനുവദിക്കില്ല. കാരണക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മതിയായ അന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കണം. പല സ്റ്റേഷനുകളിലെയും പൊലീസുകാർക്കെതിരെ ഗുണ്ട, മാഫിയ ബന്ധം ഉയരുന്നതിലെ ആശങ്കയും യോഗം പ്രകടിപ്പിച്ചു. സേനയെ പൊതുവിൽ ജനത്തിനു മുന്നിൽ അപകീർത്തിപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി വേണമെന്നും അഭിപ്രായം ഉയർന്നു.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി ബന്ധം പുലര്‍ത്തുന്ന ഓഫിസര്‍മാര്‍ക്കെതിരായ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നല്കി.
നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്ത വിധത്തിലായിരിക്കണം ശിക്ഷാനടപടി. അതിനു കൃത്യമായ നിയമോപദേശം തേടണം. സാമൂഹികവിരുദ്ധരുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കെതിരെ കൃത്യമായ ഇടവേളകളില്‍ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്കാന് ജില്ല മേധാവികളും ഡി.ഐ.ജിമാരും ശ്രദ്ധിക്കണം.
ജില്ല സ്പെഷൽബ്രാഞ്ചുകൾ ശക്തമല്ലെന്ന വിലയിരുത്തലുമുണ്ടായി. സ്പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം ജില്ല പൊലീസ് മേധാവിമാര്‍ എല്ലാ ആഴ്ചയും വിളിച്ചുചേര്‍ത്ത് ലഭ്യമായ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്യണമെന്ന കർശന നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.