എതിർപ്പ് തള്ളി സി.പി.എം, പൊന്നാനിയിൽ നന്ദകുമാർ തന്നെ; കുറ്റ്യാടിയിലും തീരുമാനത്തിൽ മാറ്റമില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥികളുടെ പട്ടിക പുറത്തുവന്നപ്പോൾ പ്രതിഷേധ ശബ്ദമുയർന്ന പൊന്നാനി, കുറ്റ്യാടി മണ്ഡലങ്ങളിൽ മുൻ തീരുമാനത്തിന് മാറ്റമില്ല. പൊന്നാനിയിൽ സി.ഐ.ടി.യു നേതാവ് പി. നന്ദകുമാർ തന്നെ മത്സരിക്കും. കുറ്റ്യാടി കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള തീരുമാനത്തിലും മാറ്റമില്ല.

പൊന്നാനിയിൽ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖ് മത്സരിക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ വിവിധ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചിരുന്നു. എന്നാൽ, പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കാതെയാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്.

കുറ്റ്യാടിയിൽ സി.പി.എം മത്സരിച്ചിരുന്ന മണ്ഡലം ഇത്തവണ കേരള കോൺഗ്രസ് എമ്മിന് നൽകിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. ഇവിടെയും പാർട്ടി പ്രവർത്തകർ പരസ്യ പ്രതിഷേധത്തിന് തയാറായിരുന്നു.

കുറ്റ്യാടി സി.പി.എം ഏറ്റെടുത്ത് തിരുവമ്പാടി സീറ്റ് കേരള കോൺഗ്രസിന് നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഇത് നേതൃത്വം തള്ളി.

കുറ്റ്യാടിയിൽ വിമത സ്ഥാനാർഥിയെ നിർത്താൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇന്ന് വൈകീട്ട് വീണ്ടും പ്രതിഷേധ പ്രകടനത്തിന് പ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുകയാണ്. 

Tags:    
News Summary - no change in cpm candidates list in ponnani and kuttiady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.