സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം. കടബാധ്യതകൾ തീർക്കാമെന്ന കെ.പി.സി.സി നേതൃത്വത്തിന്റെ വാക്ക് പാലിക്കപ്പെടാത്തതിനെതിരെ എൻ.എം. വിജയന്റെ മക്കൾ കഴിഞ്ഞ ദിവസം ശക്തമായി രംഗത്തുവന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
അദ്ദേഹത്തിന്റെ രണ്ടര കോടിയോളം രൂപയുടെ കടം പൂർണമായി തീർത്തു കൊടുക്കുക മാത്രമാണ് കോൺഗ്രസിനു മുന്നിലുള്ള പോംവഴി. കഴിഞ്ഞ ദിവസം ബത്തേരിക്കടുത്തുള്ള വനം വകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവായ ഗജയിൽ എം.പി ഫണ്ടിൽ അനുവദിച്ച ആനിമൽ ആംബുലൻസിന്റെ ഉദ്ഘാടനത്തിന് പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. എൻ.എം. വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും പ്രിയങ്ക ഗാന്ധിയോട് കാര്യങ്ങൾ ധരിപ്പിക്കാനായി ഗജയിൽ പോയി.
എന്നാൽ, പ്രിയങ്ക ഗാന്ധിയെ കാണാനുള്ള അവസരംപോലും ഇവർക്ക് ലഭിച്ചില്ല. ഇതോടെയാണ് കടം തീർക്കാമെന്നുള്ള കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് മക്കൾ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്.
എൻ.എം. വിജയന്റെ മണിച്ചിറയിലെ വീടടക്കം പണയത്തിലാണെന്നും പാർട്ടിക്ക് വേണ്ടിയാണ് ബാധ്യതകൾ വരുത്തിവെച്ചതെന്നും മരുമകൾ പത്മജ പറഞ്ഞു. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ ബാധ്യതകൾ തീർത്തു തരാനും നേതൃത്വം തയാറാകുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന ബാങ്കായതിനാൽ നിഷ്പ്രയാസം അവർക്കതിന് സാധിക്കും.
കടംകയറി നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്നും ആ മാർഗംതന്നെയാണ് തങ്ങൾക്ക് മുന്നിലുള്ളതെന്നും അങ്ങനെയെങ്കിൽ അതിന്റെ ഉത്തരവാദി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആയിരിക്കുമെന്നും മരുമകൾ പത്മജ ആരോപിച്ചു.
എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കുറ്റം ചുമത്തപ്പെട്ടതോടെ താൻ ജാമ്യത്തിലാണെന്നും കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രതികരിച്ചു.
അതേസമയം, പ്രശ്ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങൾ നേതൃത്വം ശക്തമാക്കിയിട്ടുണ്ടെന്നാണ് തിങ്കളാഴ്ച കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.