കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് സൊസൈറ്റി ജീവനക്കാരനായ നൗഷാദ് വെളിപ്പെടുത്തിയത്. ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് സാക്ഷിയാണ് താനെന്നും പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് വെളുപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് 2021ലേതെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള ചില ചിത്രങ്ങൾ ഉൾപ്പെടെ നൗഷാദ് പുറത്തുവിട്ടിട്ടുണ്ട്.
2021 ഡിസംബർ രണ്ടിനാണ് ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് ചാക്കിൽ പണം കൊണ്ടു വന്നത്. ഈ പണം യൂണിയൻ ബാങ്കിന്റെ ബത്തേരി ശാഖയിൽ വെച്ച് വെളുപ്പിച്ചെന്നാണ് പറയുന്നത്. വലിയ തുക ആയതുകൊണ്ട് ബ്രഹ്മഗിരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കാത്തതിനാൽ സ്ഥാപനത്തിലെ ചില ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് അതിൽ നിന്ന് ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഇത്തരം ക്രമക്കേടിലൂടെ താനടക്കമുള്ള ജീവനക്കാരാണ് പറ്റിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് മുന്നോട്ട് വരുന്നതെന്നും നൗഷാദ് പറയുന്നു. ജീവനക്കാരുടെ അക്കൗണ്ടിൽ ഒരു ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ് പണം നിക്ഷേപിച്ചത്. ഇതിന് മുമ്പ് ബത്തേരിയിലെ പ്രമുഖ കാറ്ററിങ് ഉടമയുടെ പക്കലിൽ നിന്നും സമാനരീതിയിൽ പണം കൊണ്ട് വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥാപനത്തിലെ നേതാക്കളോട് പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ലെന്നും നൗഷാദ് ആരോപിച്ചു.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാൽ ഇതിലും വലിയ ക്രമക്കേടുകൾ കണ്ടെത്താൻ സാധിക്കുമെന്നും സർക്കാറിൽ നിന്നും കിട്ടിയ ഫണ്ടുകൾ എന്ത് ചെയ്തു എന്നതിനെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കുമെന്നും നൗഷാദ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും വരാൻ തയാറാണെന്ന് നൗഷാദ് വ്യക്തമാക്കി. സി.പി.എം കൽപറ്റ ടൗൺ ബ്രാഞ്ച് അംഗവും ബ്രഹ്മഗിരിയിലെ മുൻ ജീവനക്കാരനുമാണ് നൗഷാദ്.
ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി പ്രത്യേകിച്ച് ‘മലബാർ മീറ്റ്’ ഫാക്ടറിക്കായി 600ഓളം നിക്ഷേപകരിൽ നിന്നായി 100 കോടി രൂപയിലധികം സമാഹരിച്ചിരുന്നു. എന്നാൽ, കുറച്ചു വർഷങ്ങളായി ഇവർക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികിയില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും.
തുടർന്ന് സുൽത്താൻ ബത്തേരിയിലെ അത്യാധുനിക അറവുശാല ഉൾപ്പെടെയുള്ള യൂണിറ്റുകൾ പൂട്ടേണ്ടി വന്നു. കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ നൂറോളം കർഷകർക്ക് നൽകാനുള്ള 3.5 കോടിയിലധികം രൂപയും കുടിശ്ശികയാണ്. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. മാസങ്ങളായി സൊസൈറ്റിയിലെ നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരപാതയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.