കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഭീഷണിപ്പെടുത്തി തന്റെ നഗ്നവീഡിയോ ചിത്രീകരിച്ചെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരി സത്യവാങ്മൂലത്തില്‍ പറയുന്നു.
താൻ ഗർഭഛിദ്രം നടത്തിയത് രാഹുലിന്‍റെ ഭീഷണി മൂലമാണ്. രാഹുലിന്‍റെ സുഹൃത്ത് ജോബി എത്തിച്ച് നൽകിയ ഗുളികകൾ കഴിച്ചത് വിഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. ബലാത്സംഗത്തിനിടെ ഏറ്റ ഗുരുതരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പ്രതി സാഡിസ്റ്റാണ്. ഗുരുതരമായ മനോവൈകൃതമുള്ള ആളാണ്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. അധികാരവും സ്വാധീനവുമുള്ള എം.എൽ.എക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണക്കോടതിയെയും ഹൈകോടതിയെയും രാഹുൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ച വസ്തുതകളും അർധ സത്യങ്ങളുമാണെന്നും പരാതിക്കാരി പറഞ്ഞു.
രാഹുല്‍ ലൈംഗിക വൈകൃതമുള്ള ആളാണ്. രാഹുലിന് ജാമ്യം കൊടുത്താല്‍ തെളിവ് നശിപ്പിക്കും. രാഹുലിന്റെ ഫോണിലുള്ള തന്‍റെ നഗ്ന വിഡിയോ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടെന്നും യുവതി പറയുന്നു.
നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനുശേഷമാണ് രാഹുല്‍ ഹൈകോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞിരുന്നു. എന്നാല്‍ മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരവും രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.