നിയമസഭാ വാർത്തകൾ

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റികള്‍  അതിരപ്പിള്ളി പദ്ധതിക്ക്  തുരങ്കം വെക്കാന്‍ –മന്ത്രി
തിരുവനന്തപുരം: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചത് അതിരപ്പിള്ളി പദ്ധതിക്ക് തുരങ്കംവെക്കാനെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ ഉപദേശകനായിരുന്ന ടി.കെ.എ. നായരുടെ താല്‍പര്യപ്രകാരമാണ് ഇതുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജുഎബ്രഹാമിന്‍െറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറയുകയായിരുന്നു ബാലന്‍. 

കേരളത്തിലെ പരിസ്ഥിതിസംഘടനകളില്‍ 90 ശതമാനവും വിദേശപണംപറ്റി പ്രവര്‍ത്തിക്കുന്നവയാണെന്ന് രാജു എബ്രഹാമും ആരോപിച്ചു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഇരുമുന്നണികളും  പൊതുവെ അംഗീകരിക്കുന്നില്ല. എന്നാല്‍, ചിലര്‍ വ്യക്തിപരമായി അംഗീകരിക്കുന്നുണ്ടെന്ന് ബാലന്‍ പറഞ്ഞു. രണ്ടുതവണ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയ അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് പരിസ്ഥിതി ആഘാതപഠനത്തിന് അനുമതി നല്‍കിയതാണ്. അതിനിടയില്‍  അന്ന് കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേഷിനെ കണ്ടപ്പോള്‍ അനുമതി റദ്ദാക്കുന്നതായി അറിയിച്ചു. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ടി.കെ.എ. നായരുടെ എതിര്‍പ്പാണ്. 

ഇത്തരത്തില്‍ ഏകപക്ഷീയമായി അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചത്. അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കസ്തൂരിരംഗന്‍ കമിറ്റിയെ നിയോഗിച്ചത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനുശേഷം കേരളത്തിലെ പഞ്ചായത്തുതല സമിതികള്‍ പരിശോധിച്ച് ഒഴിവാക്കാന്‍ ശിപാര്‍ശചെയ്ത സ്ഥലങ്ങളൊന്നും ഒഴിവാക്കിയിട്ടുമില്ല -മന്ത്രി പറഞ്ഞു.

കേരളത്തിലെ പരിസ്ഥിതിസംഘടനകളില്‍ 90 ശതമാനത്തിനും സുപ്രീംകോടതിയിലായാലും രാജ്യത്തെ ഏത് ഹൈകോടതിയിലായാലും കോടിക്കണക്കിന് രൂപ മുടക്കി കേസുകള്‍ നടത്തുന്നതിന് ഒരു ബുദ്ധിമുട്ടുമില്ളെന്ന് രാജു എബ്രഹാം പറഞ്ഞു.  ഇത് ക്വാറികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഫലത്തില്‍ 123 വില്ളേജുകളും വിജ്ഞാപനത്തിന്‍െറ പരിധിയില്‍ ആയിക്കഴിഞ്ഞു. ജനങ്ങളെ തള്ളിക്കളഞ്ഞ് വനത്തെയും മൃഗങ്ങളെയും സംരക്ഷിക്കുന്നെന്ന് പറയുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിസംഘടനകള്‍ വിദേശസഹായം പറ്റുന്നവയാണെന്ന രാജു എബ്രഹാമിന്‍െറ പ്രസ്താവനയില്‍  പി.ടി. തോമസ് മാത്രം പ്രതിഷേധിച്ചു.


നദീസംരക്ഷണത്തിന് അതോറിറ്റി പരിഗണനയില്‍
തിരുവനന്തപുരം: നദികളുടെ സമഗ്രസംരക്ഷണത്തിന് അതോറിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ അറിയിച്ചു. അതിനാവശ്യമായ  നടപടികള്‍ സ്വീകരിക്കുമെന്നും എസ്. ശര്‍മയുടെ സബ്മിഷന് അദ്ദേഹം മറുപടി നല്‍കി. മുഴുവന്‍ നദികള്‍ക്കുമായി ഒരൊറ്റ അതോറിറ്റിയാണോ വെവ്വേറെ വേണമോയെന്ന് ആലോചിച്ച് തീരുമാനിക്കും.സേവന-വേതന വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഐ.ടി മേഖലയിലെ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. ഇത് ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വി.എസ്. അച്യുതാനന്ദന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. ഐ.ടി മേഖലയില്‍ ചൂഷണം നിലവിലുണ്ട്. അവിടെ തൊഴില്‍നിയമങ്ങള്‍ ഇനിയും രൂപപ്പെടേണ്ടതുണ്ട്. ഐ.ടി സ്ഥാപനങ്ങളെ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമത്തിലെ ചില വകുപ്പുകളില്‍ നിന്ന് വ്യവസ്ഥകളോടെ ഒഴിവാക്കിയിട്ടുണ്ട്.

സാങ്കേതിക സര്‍വകലാശാലാ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഭൂമി കണ്ടത്തൊന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍െറ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കെ. മുരളീധരന്‍െറ സബ്മിഷന് മറുപടി നല്‍കി.പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ വഴി ദലിത് ക്രൈസ്തവര്‍ക്കായി മെച്ചപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്ന് സി.കെ. ഹരീന്ദ്രന്‍െറ സബ്മിഷന് മന്ത്രി എ.കെ. ബാലന്‍ മറുപടി നല്‍കി. പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസാനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കുന്നുണ്ട്. ദേശീയപാതയില്‍ അപകടസാധ്യതയുള്ള ഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളെ ബന്ധിപ്പിച്ച് ട്രോമാകെയര്‍ ഉള്‍പ്പെടെ സൗകര്യങ്ങളുള്ള പ്രത്യേക പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പദ്ധതി നടപ്പാക്കുമ്പോള്‍ കായംകുളം താലൂക്ക് ആശുപത്രിയെയും ഉള്‍പ്പെടുത്തുമെന്ന് പ്രതിഭാഹരിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.


പൂര്‍ത്തിയായ കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി നമ്പര്‍ നല്‍കും 
തിരുവനന്തപുരം: പൂര്‍ത്തിയായ വീടുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ കെട്ടിട നമ്പര്‍ കിട്ടാത്ത പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. 750 ചതുരശ്ര അടിവരെയുള്ള വീടുകള്‍ക്ക് പിഴയില്ലാതെ നമ്പര്‍ നല്‍കും. 750നും 1000ത്തിനുമിടയിലുള്ള വീടുകള്‍ക്ക് 2000രൂപയും 1000ത്തിനും 1250നുമിടയില്‍ 10,000 രൂപയും 1250നും 1500നുമിടയില്‍ 20,000 രൂപയും 1500നും 2000ത്തിനുമിടയില്‍ 50,000 രൂപയും 2000ത്തിനും 2500നുമിടയില്‍ ഒരു ലക്ഷം രൂപയും 2500നും 3000ത്തിനുമിടയില്‍ അഞ്ച് ലക്ഷവും 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകള്‍ക്ക് പത്ത് ലക്ഷം രൂപയുമാണ് പിഴ ഈടാക്കുക. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. 

കെട്ടിടനിര്‍മാണ പെര്‍മിറ്റ് അപേക്ഷ ഓണ്‍ലൈനാക്കും. കുറ്റമറ്റ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. ഇതിന്‍െറ പൈലറ്റ് പദ്ധതി കോഴിക്കോട് കോര്‍പറേഷനില്‍ നടപ്പാക്കും. അപാകതകളില്ലാത്തവര്‍ക്ക് അതത് ദിവസം പെര്‍മിറ്റ് നല്‍കും. തൊട്ടടുത്ത പഞ്ചായത്തില്‍ ഭൂമിയുള്ളവര്‍ക്ക് പി.എം.എ.വൈ പ്രകാരം വീട് നല്‍കും. ഗ്രാമവികസനവകുപ്പില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തി നിര്‍മാണം ഉള്‍പ്പെടുത്തും. 27 ബ്ളോക്കുകളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കും. ജലാശയം, കാവുകള്‍ എന്നിവ ശുചിയാക്കലും തടയണകള്‍ നിര്‍മിക്കലും ഇതില്‍ ഉള്‍പ്പെടുത്തും. 
അഞ്ചുവര്‍ഷംകൊണ്ട് കേരളത്തെ തെരുവുനായ് ഇല്ലാത്ത സംസ്ഥാനമാക്കും. കില അന്താരാഷ്ട്ര പരിശീലനകേന്ദ്രമാക്കും. അഹാഡ്സിനെ കിലയില്‍ ലയിപ്പിക്കും. കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതി 241 പഞ്ചായത്തുകളില്‍ നടപ്പാക്കും. സമ്പൂര്‍ണ ഭവന പദ്ധതിയില്‍ ആറ് ലക്ഷം വീടുകള്‍ നിര്‍മിക്കും. തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കും. ഇതിനായി ഫോര്‍ ദ പീപ്ള്‍ എന്ന വെബ്സൈറ്റ് ഏര്‍പ്പെടുത്തും. 

കൈക്കൂലി, അഴിമതി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇതിലേക്ക് നല്‍കാം. തദ്ദേശസ്ഥാപനങ്ങള്‍ ഒരു സര്‍വിസിന് കീഴിലാക്കാന്‍ നിയമനിര്‍മാണം നടത്തും. കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവക്കായി പ്രത്യേകം കെട്ടിടനിര്‍മാണചട്ടങ്ങള്‍ കൊണ്ടുവരും. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപ്പാക്കും. ജനകീയാസൂത്രണത്തിന്‍െറ രണ്ടാംഘട്ടം അടുത്തവര്‍ഷം തുടങ്ങും. മൂന്നുമാസം പദ്ധതി രൂപവത്കരണവും ഒമ്പത് മാസം നടപ്പാക്കലുമാണ് ലക്ഷ്യം. മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പദ്ധതികള്‍ നടപ്പാക്കും. കുടുംബശ്രീയെ ഉപയോഗിച്ച് പ്രവാസികളുടെ കണക്കെടുക്കും. 

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ: ചര്‍ച്ച നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നതിനാലും മറ്റു ചിലകാരണങ്ങളാലും ഇക്കൊല്ലം മൂന്നാംപാദത്തില്‍ പൊതുവിതരണശൃംഖലവഴി വിതരണത്തിന് നല്‍കുന്ന മണ്ണെണ്ണയില്‍ 16.2 ശതമാനത്തിന്‍െറ കുറവ് വരുത്തിയിട്ടുണ്ടെന്നും അനൂപ് ജേക്കബിന്‍െറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.ഒരേ കാര്യത്തിന് രണ്ടുതരം സബ്സിഡി പറ്റില്ളെന്നാണ് കേന്ദ്ര നിലപാട്. അതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണംചെയ്യുന്നതും വെട്ടിക്കുറക്കലിന് കാരണമാണ്.  

കസ്തൂരിരംഗന്‍: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട, മുന്‍ സര്‍ക്കാര്‍ നിലപാട് തുടരും
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍. ജനവാസകേന്ദ്രങ്ങളെയും കാര്‍ഷികമേഖലയെയും റിപ്പോര്‍ട്ടിന്‍െറ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ സര്‍ക്കാറിന്‍െറ നിലപാടില്‍ ഈ സര്‍ക്കാറും ഉറച്ചുനില്‍ക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രിക്കുവേണ്ടി ബാലന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തിന്‍െറ അന്ത$സത്ത തന്നെയാണ് ഇടതുസര്‍ക്കാറിന്‍െറയും നയം. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയുള്ള സണ്ണി ജോസഫിന്‍െറ നോട്ടീസില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു ബാലന്‍. മന്ത്രി കെ. രാജുവും നിലപാട് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ച് ഇറങ്ങിപ്പോക്കിന് തയാറായില്ളെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ക്വാറി നടത്തിപ്പിനെതിരായി മാത്രമാണെന്ന് മന്ത്രിമാരായ ബാലനും രാജുവും അറിയിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട കേസിലാണ് 123 വില്ളേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിലാണെന്ന് അറിയിച്ചത്. അതില്‍ ഒരിടത്തും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാറില്‍ നിന്ന് വ്യത്യസ്ത നിലപാട് തങ്ങള്‍ക്കില്ല. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ അന്തിമഉത്തരവ് ഉണ്ടായിട്ടില്ല. എന്നാല്‍, നിയമസഭാപ്രമേയത്തിന്‍െറ അടിസ്ഥാനത്തിലേ കാര്യങ്ങള്‍ നടക്കൂ.  ഇടതുമുന്നണി ഭരിക്കുന്നിടത്തോളം കര്‍ഷര്‍ക്ക് ആശങ്ക വേണ്ടെന്നും  ബാലന്‍ പറഞ്ഞു. നിയമസഭാപ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി രാജുവും പറഞ്ഞു. പരിസ്ഥിആഘാത പരിശോധനാഅതോറിറ്റിയാണ് ഹൈകോടതിയില്‍ വസ്തുതാറിപ്പോര്‍ട്ട് നല്‍കിയത്. സത്യവാങ്മൂലമല്ല, വസ്തുതാറിപ്പോര്‍ട്ടാണ് നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.


കെ.എസ്.ആര്‍.ടി.സിയുടെ സാമൂഹിക പ്രതിബദ്ധത നിലനില്‍പുകൂടി  പരിഗണിച്ചാകണം –മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സാമൂഹിക പ്രതിബദ്ധത, സ്ഥാപന നിലനില്‍പുകൂടി പരിഗണിച്ചാകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഡീസല്‍ വിലക്കുറവിന്‍െറ പേരില്‍ ഓര്‍ഡിനറി ബസ് നിരക്കില്‍ ഒരുരൂപ കുറച്ചതുമൂലം വരുമാനത്തില്‍ ആറ് കോടിയുടെ കുറവുവന്നു. എന്നാല്‍, സ്വകാര്യ ബസുകള്‍ക്ക് ഇത് ബാധകമാക്കിയില്ല. ഈ തുകയൊക്കെ ലഭിച്ചിരുന്നെങ്കില്‍ പെന്‍ഷന്‍ കൊടുക്കാനാകുമായിരുന്നു. കൈയടി വാങ്ങാന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് പകരം സ്ഥാപനത്തെ രക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്ത് ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറക്കും. ഹരിത ട്രൈബ്യൂണല്‍ വിധി ലംഘിക്കുകയല്ല സര്‍ക്കാര്‍ നയം. വിധി നടപ്പാക്കിയാല്‍ 1200ഓളം കെ.എസ്.ആര്‍.ടി.സി ബസുകളും 4500ഓളം സ്വകാര്യ ബസുകളും പിന്‍വലിക്കേണ്ടിവരും. ഈവിധി ഇപ്പോള്‍ സ്റ്റേയിലാണ്. മോട്ടോര്‍ വാഹനനിയമത്തിലെ പരിഷ്കരണത്തിനായി തയാറാക്കിയ ബില്‍ നടപ്പായാല്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ വാഹനങ്ങളും ഇല്ലാതാകും. കോര്‍പറേറ്റുകള്‍ക്ക് ഇതില്‍ ഇടപെടാനാകും. റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ നിയമം കര്‍ശനമാക്കും. ആധുനിക പരിശോധനാ സംവിധാനത്തിലൂടെ നിയമലംഘകരില്‍നിന്ന് പിഴഈടാക്കും. ഹെല്‍മറ്റ് ഉപയോഗം 80 ശതമാനംവരെ വര്‍ധിച്ചു. ആലപ്പുഴ-കുമരകം, കോട്ടയം റൂട്ടില്‍ വേഗംകൂടിയ ബോട്ടുകള്‍ കൊണ്ടുവരും. 120 പേര്‍ക്ക് യാത്രചെയ്യാവുന്നതായിരിക്കും ഇത്. അഞ്ച് കേന്ദ്രങ്ങളില്‍ ആധുനിക റെസ്ക്യൂ ബോട്ടുകള്‍ ഏര്‍പ്പെടുത്തും. ജലാശയങ്ങളെ മാലിന്യമുക്തമാക്കാന്‍ ബോട്ടുകളില്‍ ഡീസലിന് പകരം സൗരോര്‍ജം ഉപയോഗിക്കുന്നത് പരിഗണിക്കും. നവംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപടി തുടങ്ങും. സീ അഷ്ടമുടി പദ്ധതി നടപ്പാക്കും. കൊച്ചി-കൊല്ലം ജലഗതാഗത സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

വിജിലന്‍സ് ഡയറക്ടര്‍: സി.പി.എം സെക്രട്ടേറിയറ്റ്  തീരുമാനമെടുത്തില്ളെന്ന് എ.കെ. ബാലന്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസിനെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ളെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനം ആവശ്യമെങ്കില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കൈക്കൊള്ളുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.  സ്ഥാനമൊഴിയാന്‍ ജേക്കബ് തോമസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും  തന്നെ തല്‍സ്ഥാനത്ത് നിലനിര്‍ത്താന്‍ സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്ത് തീരുമാനിച്ചെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷനേതാവിന്‍െറ സബ്മിഷന്‍. സി.പി.എം സെക്രട്ടേറിയറ്റിന്‍െറ ആനുകൂല്യത്തില്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ ജേക്കബ് തോമസിന് എങ്ങനെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കാനാകുമെന്ന് ചോദിച്ച ചെന്നിത്തല, പദവിയില്‍ തുടര്‍ന്നാല്‍ സ്വജനപക്ഷപാതക്കാരനായ ഉദ്യോഗസ്ഥനായി മാറുമെന്നും പറഞ്ഞു. 

Tags:    
News Summary - niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.