തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുണ്ടും കുഴിയും ജനങ്ങളുടെ യാത്രാദുരിതവും സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മിക്ക റോഡുകളും നല്ലനിലയിൽ ഗതാഗതയോഗ്യമാണെന്ന് സർക്കാർ വിശദീകരിച്ചതിനെ തുടർന്ന് അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ എ.എൻ. ഷംസീർ തള്ളി. അതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
റോഡിലെ കുഴി കാരണം ഗർഭം അലസിയ സംഭവം വരെയുണ്ടായെന്നും പിറക്കാതെ പോയ കുഞ്ഞിന്റെ ഘാതകൻ പൊതുമരാമത്ത് വകുപ്പാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച നജീബ് കാന്തപുരം പറഞ്ഞു. 6000 കോടിയാണ് വാഹന നികുതിയായി സർക്കാർ ഈടാക്കുന്നത്. എന്നിട്ടും റോഡ് കുഴിയല്ല, കുളമായി മാറിയിരിക്കുന്നു. കുഴികൾ ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് 16 കി.മീ വഴിമാറി ഓടേണ്ടിവന്നെന്നും നജീബ് കാന്തപുരം ചൂണ്ടിക്കാട്ടി.
ഉയർന്ന നിലവാരത്തിലുള്ളതാണ് കേരളത്തിലെ റോഡുകളെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. റണ്ണിങ് കരാർ നടപ്പാക്കിയതിലൂടെ റോഡിന്റെ അറ്റകുറ്റപ്പണി കരാറുകാരൻ നടത്തുന്നുവെന്ന് ഉറപ്പാക്കി. യു.ഡി.എഫിന്റെ പാലാരിവട്ടം പാലത്തിന്റെ നിലയിൽനിന്നും നടപടികൾ സുതാര്യമാക്കി. അതിന്റെ ഗുണം റോഡിൽ കാണാനുണ്ട്. എന്നിട്ടും മുസ്ലിം ലീഗ് എം.എൽ.എ പരാതി പറയുന്നത് എട്ടുവർഷമായി പൊതുമരാമത്ത് വകുപ്പ് കൈയിൽനിന്ന് പോയതിന്റെ വിഷമം കൊണ്ടാകും. കോൺഗ്രസിലെ കൂടോത്ര വിവാദവുമായി ബന്ധപ്പെടുത്തി, ‘കൂടോത്രത്തിന് വേണ്ടി പോലും പലരും റോഡ് കുഴിക്കുന്നുണ്ടെ’ന്ന് പറഞ്ഞ മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചാണ് നിർത്തിയത്.
സമീപകാലത്ത് സംസ്ഥാനത്ത് റോഡുകൾ ഇത്രയും മോശമായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കോടികളാണ് കരാറുകാർക്ക് കൊടുക്കാനുള്ളത്. അവർ റോഡുപണി ഏറ്റെടുക്കുന്നില്ല. പഞ്ചായത്തുകൾക്കും മുനിസിപ്പാലികൾക്കും ഫണ്ട് കൊടുക്കാത്തതിനാൽ തകർന്ന ഗ്രാമീണ റോഡുകളും തകർന്ന നിലയിലാണെന്ന് പ്രതിക്ഷനേതാവ് ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പിന് ലീഗിന് പലകുറി വരികയും പോവുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യാറില്ല. ഇപ്പോഴത്തെ നിലയനുസരിച്ച് വൈകാതെ വകുപ്പ് നിങ്ങൾക്കും നഷ്ടമാകുമെന്നാണ് തോന്നുന്നതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.