കൊച്ചി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാം നൽകിയ മുന്‍കൂര്‍ ജാമ്യ ഹരജിയിൽ സർക്കാറിനും പൊലീസിനുമടക്കം എതിർകക്ഷികൾക്ക് ഹൈകോടതി നോട്ടിസ്. ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. താനടക്കമുള്ള അധ്യാപകര്‍ക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നതടക്കമുള്ള ആരോപണം ഉന്നയിച്ച് നിതിന്റെ പിതാവ് പരാതി നൽകിയത് ചിലരുടെ പ്രേരണയാലാണെന്ന് ഡോ. റാം ഹരജിയിൽ ചൂണ്ടിക്കാട്ടി.
മരിക്കുന്നതിന് മുമ്പ് നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്നു. ലോൺ ആപ്പ് വഴി എടുത്ത വായ്പ മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് നിതിൻ രാജിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. ഇവിടെ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു മരണം. അധ്യാപകർ ബുദ്ധിമുട്ടിച്ചെന്ന പരാതി ആരോടും ഉന്നയിച്ചിട്ടില്ലെന്നും എഫ്.ഐ.എസിൽ അത്തരമൊരു വിവരമില്ലെന്നും ഹരജിയിൽ പറയുന്നു.
സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാലാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജി വീണ്ടും മേയ് 15ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.