തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചത് നിസാമിനെ പ്രകോപിപ്പിച്ചു

തൃശൂര്‍: തിരുനെല്‍വേലിയില്‍ ബീഡി കമ്പനിയില്‍  മൂന്നാഴ്ച മുമ്പ് താന്‍ ഉള്‍പ്പെടെ മൂന്ന് പാര്‍ട്ണര്‍മാര്‍ തീരുമാനിച്ച് വേതനം വര്‍ധിപ്പിച്ചതാണ് നിസാമിനെ പ്രകോപിപ്പിച്ചതെന്ന് സഹോദരന്‍  അബ്ദുല്‍ റസാഖ് ‘മാധ്യമ’ത്തോട് പറഞ്ഞു. പിതാവ് അബ്ദുല്‍ ഖാദറും ബഷീറലിയും ചേര്‍ന്ന് 40 വര്‍ഷം മുമ്പാണ് തിരുനെല്‍വേലിയില്‍ ബീഡി കമ്പനി തുടങ്ങിയത്. എല്ലാ വര്‍ഷവും ഏപ്രിലില്‍ വേതനം വര്‍ധിപ്പിക്കാറുണ്ട്. തന്‍െറ അസാന്നിധ്യത്തില്‍ കമ്പനി പ്രതിസന്ധിയിലാണെന്ന് സ്ഥാപിച്ച് ജാമ്യം നേടാനായിരുന്നു നിസാമിന്‍െറ ശ്രമം. ആഗസ്റ്റ് 11ന് താനും നിസാറും നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ലാഭത്തെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ നിസാം ഇവരെ ഭീഷണിപ്പെടുത്തിയത്രേ. ഹൈകോടതിയിലും സുപ്രീംകോടതിയിലും തന്‍െറ കേസിന്‍െറ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പണച്ചെലവ് വരുമെന്നതിനാല്‍ ലാഭം മറ്റാരും എടുക്കരുതെന്നും പറഞ്ഞാണ് കലഹിച്ചത്. കേസിന് പണം മാറ്റിവെക്കാത്ത പക്ഷം കൈയും കാലും വെട്ടിക്കളയുമെന്നും ടി.പി. ചന്ദ്രശേഖരനെ കൊന്നയാളുമായി തനിക്ക് ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ച് തന്നെയും സഹോദരനെയും ഇല്ലാതാക്കുമെന്നും പറഞ്ഞുവത്രേ.

ജയിലില്‍ രണ്ടോ അഞ്ചോ ലക്ഷം കൊടുത്താല്‍ സുഖമായി കാര്യം നടത്തുന്നവരുണ്ടെന്നും അതിന് പരമാവധി രണ്ടു വര്‍ഷംകൂടി ശിക്ഷ കിട്ടുമായിരിക്കുമെന്നും പറഞ്ഞു. മറ്റൊരിക്കല്‍ നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ച 63 വയസ്സുള്ള ബഷീറലിയോടും ‘അവസാനിപ്പിക്കാന്‍ വീട്ടിലേക്ക് ആളത്തെും’ എന്ന് ഭീഷണിപ്പെടുത്തി. ബംഗളൂരുവില്‍ ഒരു കേസില്‍ ഹാജരാക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച നിസാമിനെ കണ്ണൂരില്‍നിന്ന് ബസില്‍ കൊണ്ടുപോയിരുന്നു. ആ ബസില്‍ രതീഷും നിസാമിന്‍െറ സുഹൃത്തായ, ചിമ്പൂട്ടന്‍ എന്ന് വിളിക്കുന്ന ഷിബിനും യാത്ര ചെയ്തിട്ടുണ്ട്. അന്ന് വൈകീട്ട് രണ്ടുതവണ നിസാം തന്നെ ഫോണില്‍ വിളിച്ചതായി അബ്ദുല്‍ റസാഖ് പരാതിയില്‍ പറയുന്നു.

95269 87425 എന്ന നമ്പറില്‍നിന്നാണ് വിളിച്ചത്. ഇത് ഷിബിന്‍ ഉപയോഗിക്കുന്ന നമ്പറാണെന്നാണ് അറിഞ്ഞത്. തന്നോട് അഞ്ച് മിനിറ്റും അബ്ദുല്‍ നിസാറിനോട് 30 മിനിറ്റും നിസാം സംസാരിച്ചു. അതത്രയും ഭീഷണിയും അസഭ്യവുമായിരുന്നു. ഈ വിളിയുടെ വിവരങ്ങള്‍ ഫോണില്‍ റെക്കോഡ് ചെയ്ത് എസ്.പിക്ക് നല്‍കിയിട്ടുണ്ട്. തനിക്ക് 5,000 കോടിയുടെ ബിസിനസുണ്ടെന്ന് നിസാം വീമ്പുപറയുകയാണെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു. പിതാവ് മരിക്കുമ്പോള്‍ സഹോദരന്മാര്‍ക്കെല്ലാം തുല്യ അവകാശമാണ് കാണിച്ചത്. ബഷീറലിക്ക് 10 ശതമാനമാണ് പങ്കാളിത്തം.

നിസാമിന്‍െറ താല്‍പര്യത്തിന് വിരുദ്ധമായി അബ്ദുല്‍ റസാഖ് വിവാഹം കഴിച്ചതിലുള്ള വിരോധത്തിന് രണ്ട് സഹോദരന്മാരുടെയും ഓഹരി നിസാം കുറച്ചുവത്രേ. കൊലക്കേസില്‍ ഉള്‍പ്പെടുന്നതിനുമുമ്പ് മൂന്നുവര്‍ഷത്തിനിടക്ക് കമ്പനിയില്‍നിന്ന് ആറ് കോടി രൂപയാണ് ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ എടുത്തത്. ജയിലില്‍നിന്ന് ഇറക്കിത്തരാമെന്നുപറഞ്ഞ് പണം ആവശ്യപ്പെട്ട് പലരും നിസാമിനെ സന്ദര്‍ശിക്കുന്നുണ്ടെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു.

 

Tags:    
News Summary - nisam criminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.