നിപ: രോഗിയുടെ പനി മാറി, നടന്നുതുടങ്ങി

കൊച്ചി: നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോ ഗതി. പനി പൂർണമായി മാറി പരസഹായമില്ലാതെ നടക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തലച്ചോറിനെ നേരിയതോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥിക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.

പുണെ വൈറോളജി ലാബിലെ ഫലം അനുസരിച്ച് രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവയിൽ മൂത്രത്തിൽ മാത്രമാണ് നിപ വൈറസ് ബാധയുള്ളതെന്ന് ക ണ്ടെത്തിയിരുന്നു. അതേസമയം, നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

നിലവിൽ ഇവിടെ എട്ട് രോഗികളാണുള്ളത്. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം തിങ്കളാഴ്ച അഞ്ച് സാംപിളുകൾ പരിശോധനക്ക്​ ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ഇടുക്കി ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാംപിളും എറണാകുളം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ രണ്ടാംഘട്ട പരിശോധനക്ക്​ ശേഖരിച്ച സാംപിളുമാണ് ഇതിൽ ഉൾപ്പെടുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ സജ്ജമാക്കിയ 30 പേരെ കിടത്താവുന്ന പുതിയ ഐ​െസാലേഷന്‍ വാര്‍ഡിൽ ട്രയല്‍ റണ്‍ നടത്തി. രോഗി ആംബുലൻസില്‍ വരുന്നതുമുതല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തുന്നതുവരെയുള്ള ഓരോ ഘട്ടവും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍റണ്‍. നിപ രോഗിയുമായി സമ്പർക്കത്തിലുള്ളതായി കണ്ടെത്തിയത് ആകെ 329 പേരാണ്. ഇതിൽ 52 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.

ഉറവിട അന്വേഷണവുമായി ബന്ധപ്പെട്ട് നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള വിദഗ്ധസംഘം തൊടുപുഴ, മുട്ടം മേഖലകളില്‍നിന്നുള്ള 52 പഴംതീനി വവ്വാലുകളില്‍നിന്ന് സാംപിള്‍ ശേഖരിച്ചു. തിങ്കളാഴ്ച ഇവിടെനിന്ന് 22 സാംപിളാണ് പുണെ എന്‍.ഐ.വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ചത്. ഈ സാംപിളുകള്‍ ശേഖരിച്ച് പുണെയിലേക്ക് അയക്കും.

ചൊവ്വാഴ്ച ആലുവ, പറവൂര്‍ മേഖലകളില്‍നിന്ന് സാംപിൾ ശേഖരിക്കും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുന്നത്. ഡോ. സുദീപി​​െൻറ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്​മണ്യന്‍ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്.

Tags:    
News Summary - nipah virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.