കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേയ് 31 വരെ ജില്ലയിലെ മുഴുവൻ സർക്കാർ പൊതുപരിപാടികൾ, യോഗങ്ങൾ, ഉദ്ഘാടനങ്ങൾ, ജാഗ്രത പരിപാടികൾ എന്നിവ നിർത്തിവെക്കാൻ ജില്ലാ കലക്ടർ യു.വി. ജോസ് നിർദേശം നൽകി. മേയ് 31 വരെ ട്യൂഷനുകൾ, ട്രെയിനിങ് ക്ലാസുകൾ എന്നിവയും നടത്തരുത്. ജില്ലയിലെ അങ്കണവാടികൾ മേയ് 31വരെ പ്രവർത്തിക്കരുതെന്നും കലക്ടർ ഉത്തരവ് നൽകി. ശനിയാഴ്ച നടത്താനിരുന്ന എല്ലാ സിവിൽ പൊലിസ് ഒാഫിസർ/ വുമൺ പൊലീസ് കോൺസ്റ്റബ്ൾ തസ്തികകളിേലക്കുള്ള പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി പരമാവധി കൂടിച്ചേരലുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുചടങ്ങുകളും പരീക്ഷകളും മാറ്റിയത്.
വിവിധ സംഘടനകളുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നടക്കാനിരുന്ന ഇഫ്താർ സംഗമങ്ങളും മാറ്റിവെച്ച് തുടങ്ങി. മേയ് 31വരെയുള്ള ജില്ലയിലെ പി.എസ്.സി പരീക്ഷകളും കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷകളും മാറ്റിവെക്കാൻ കലക്ടർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
കാലിക്കറ്റിലെ പ്രവേശന പരീക്ഷകൾ മാറ്റി; പഠന വകുപ്പിലെ ക്ലാസുകൾ നിർത്തി
കോഴിക്കോട്: നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കാലിക്കറ്റ് സര്‍വകലാശാല മേയ് 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റർ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി. ഇവ യഥാക്രമം ജൂണ്‍ ഒമ്പത്, 10 തീയതികളില്‍ നടത്തും. പരീക്ഷകേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. മറ്റ് തീയതികളിലെ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല. സര്‍വകലാശാല കാമ്പസിലെ പഠനവകുപ്പുകളിലെയും സെൻററുകളിലെയും സര്‍വകലാശാല എൻജിനീയറിങ് കോളജിലെയും (ഐ.ഇ.ടി), കോഴിക്കോട് ജില്ലയിലെ സര്‍വകലാശാലയുടെ എല്ലാ സെൻററുകളിലെയും ക്ലാസുകള്‍ മേയ് 31 വരെ നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.