കോഴിക്കോട്: നിപ വൈറസ് ഭീതിക്കിടെ ആശ്വാസത്തിെൻറ മറ്റൊരു ദിനം കൂടി. ചൊവ്വാഴ്ച നാലുപേരെ മാത്രമാണ് സംശയാസ്പദമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ േഡാ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ അറിയിച്ചു. മരണവും രോഗബാധ സ്ഥിരീകരണവുമില്ലാത്ത ദിനമായിരുന്നു ചൊവ്വാഴ്ച.
നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ രണ്ടു മക്കളെ കഴിഞ്ഞ ദിവസം കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പനിയും ജലദോഷവും അനുഭവെപ്പട്ട ഇവരുടെ പരിശോധന ഫലവും നെഗറ്റിവായത് ആശ്വാസമായി. നിരീക്ഷണം തുടരുമെന്ന് ഡോ. സരിത പറഞ്ഞു. എട്ടുപേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ അഞ്ചുപേരുടെ പരിശോധന ഫലം നെഗറ്റിവാണ്. മൂന്നുപേരുടെ ഫലം വന്നിട്ടില്ല. മെഡിക്കൽ കോളജിലുള്ള, രോഗം സ്ഥിരീകരിച്ച നഴ്സിങ് വിദ്യാർഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും നിലയിൽ ചെറിയ മാറ്റമുണ്ട്.
സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആളുടെ നിലയിൽ പുരോഗതിയില്ല.ചൊവ്വാഴ്ച ലഭിച്ച 48 പേരുടെ പരിശോധന ഫലവും നെഗറ്റിവാണ്. നിപ രോഗം കണ്ടെത്തിയശേഷം 159 േപരെ പരിശോധിച്ചതിൽ 143 പേർക്കും രോഗമില്ല. വീടുകളിലും മറ്റും നിരീക്ഷിക്കാനുള്ള സമ്പർക്കപട്ടികയിൽ 50 പേരെ കൂടി ഉൾപ്പെടുത്തി.
ആസ്ട്രേലിയയിൽനിന്ന് മരുന്ന് ഉടൻ എത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആസ്ട്രേലിയയിൽ കിട്ടിയാൽ മരുന്ന് അയക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ രാജേന്ദ്രൻ പറഞ്ഞു. അവലോകന േയാഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ജില്ല കലക്ടർ യു.വി. ജോസ് എന്നിവരും പെങ്കടുത്തു.
വവ്വാലിനെ പിടിക്കാൻ ശ്രമം തുടരുന്നു
പേരാമ്പ്ര: നിപ വൈറസ് ബാധക്ക് കാരണമായ വവ്വാലിനെ കണ്ടെത്താനുള്ള ശ്രമം മൂന്നാംദിവസവും തുടർന്നു. നിപ വൈറസ് മരണം ആദ്യമായി റിപ്പോർട്ട് ചെയ്ത ചങ്ങരോത്ത് സൂപ്പിക്കടയിലും പരിസര പ്രദേശങ്ങളിലുമാണ് ചൊവ്വാഴ്ച വിദഗ്ധസംഘം സന്ദർശനം നടത്തിയത്.
മൂന്നുപേർ മരിച്ച വളച്ചുകെട്ടി മൂസയുടെ വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് പിടിച്ച വവ്വാലിനെ പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പഴംതീനി വവ്വാലുകളുടെ സാമ്പിൾ എടുത്ത് പരിശോധനക്കയക്കാൻ തീരുമാനിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘം വവ്വാലിനെ തേടി ഇറങ്ങിയത്.
കനത്തമഴ കാരണം വവ്വാലുകളെ പിടിക്കാൻ സാധിച്ചിട്ടില്ല. പഴംതീനി വവ്വാലുകൾ പകൽസമയത്ത് കാടിനുള്ളിൽ ആയിരിക്കുമെന്നതിനാൽ അവയെ പിടിക്കുന്നത് ശ്രമകരമാണെന്ന് സംഘാംഗങ്ങൾ പറയുന്നു. സൂപ്പിക്കട, പള്ളിക്കുന്ന്, ആപ്പറ്റ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
രോഗഭീതി: ഹെൽപ്ലൈനിൽ വിളിക്കാം
കോഴിക്കോട്: നിപ രോഗബാധയോടെ ഉടലെടുത്തേക്കാവുന്ന ഉത്കണ്ഠ, ഭീതി തുടങ്ങിയ പ്രശ്നങ്ങൾക്ക് ‘നിപ മെൻറൽ ഹെൽപ്ലൈൻ’ വഴി സഹായം തേടാം. ജില്ല മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ്, ഗവ. മാനസികാരോഗ്യ കേന്ദ്രം, ഇംഹാൻസ് തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായാണ് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഹെൽത്ത് ഹെൽപ്ലൈൻ ഒരുക്കുന്നത്. നമ്പർ: 8281904533, 8156830510, 9188541485.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.