വിട വാങ്ങിയത് നിലമ്പൂരിന്റെ സ്വന്തം ആര്യാടൻ

കോഴിക്കോട്​: ആര്യാടൻ മുഹമ്മദ്​ വിടവാങ്ങു​േമ്പാൾ, കേരള രാഷ്​ട്രീയത്തിനൊപ്പം നിലമ്പൂരിനും ഏറെ പറയാനുണ്ട്​. കോൺഗ്രസ്​ രാഷ്​ട്രീയത്തിലെ ഈ ഒറ്റയാനെ രൂപപ്പെടുത്തുന്നതിൽ ഈ മണ്ഡലത്തിന് പ്രസക്തിയേറെയാണ്. 1965ല്‍ മണ്ഡലം രൂപവത്കരിച്ചതു മുതല്‍ ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യമാണ് നിലമ്പൂരിന്റെ പ്രത്യേകത.

മ​ലയോര മേഖലയായ നിലമ്പൂരി​െൻറ രാഷ്​ട്രീയ ഭൂമികയിൽ പടർന്നു പന്തലിച്ച വട വൃക്ഷം, കോൺഗ്രസ്​ രാഷ്​ട്രീയത്തിലെ അതികായരിലൊരാൾ, മലപ്പുറം ജില്ലയിലെ കോൺഗ്രസി​െൻറ അവസാനവാക്കുകളിലൊന്ന്​, ഏത്​ പ്രതിസന്ധികളിലും തളരാതെ നിന്ന പോരാളി... തുടങ്ങി വിശേഷണങ്ങൾ ഏറെയാണ്​ ആര്യാടന്​.ആറ് പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്​ട്രീയത്തിലും ഭരണത്തിലും നിറഞ്ഞു നിന്നു ഈ അതികായൻ.

തൊഴിലാളി പ്രസ്​ഥാനരംഗത്ത് സജീവമായ ആര്യാടൻ ഏറെ അധ്വാനിച്ചാണ് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിൽ കോൺഗ്രസ് കെട്ടിപ്പടുത്തത്. സി.കെ. ഗോവിന്ദൻ നായരെ രാഷ്​ട്രീയ ഗുരുവായി കണ്ട ആര്യാടൻ കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി, മലപ്പുറം ഡി.സി.സി പ്രസിഡൻറ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, രാഷ്​ട്രീയ കാര്യസമിതി അധ്യക്ഷൻ എന്നീ പാർട്ടി സ്ഥാനങ്ങളും നിരവധി ട്രേഡ് യൂനിയൻ സംഘടനകളുടെ അധ്യക്ഷ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


1965ൽ മുപ്പതാം വയസിൽ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയമേറ്റു വാങ്ങിയാണ്​ തെരഞ്ഞെടുപ്പ്​ അങ്കങ്ങളുടെ തുടക്കം. 1967ൽ വീണ്ടും മത്സരിച്ചെങ്കിലും കുഞ്ഞാലിയോട്​ അടിയറവു പറഞ്ഞു. 1977ലാണ്​ നിലമ്പൂരിൽ നിന്ന് കന്നി വിജയം നേടാനായത്​. തോൽപ്പിച്ചത് സി.പി.എം പ്രമുഖൻ കെ. സെയ്ദാലിക്കുട്ടിയെ.

1980ൽ സി. ഹരിദാസ് രാജി വെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ)യിലെ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ച്​ നായനാർ മന്ത്രിസഭയിൽ വനം, തൊഴിൽ വകുപ്പ്​ മന്ത്രിയായി. 1982ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മൽസരിച്ച ഡി.സി.സി പ്രസിഡൻറ്​ ടി.കെ. ഹംസയോട് 1800 വോട്ടിന് തോൽവി. 1987 മുതൽ 2016 വരെ തുടർച്ചയായി നിലമ്പൂരിൽ നിന്ന് തോൽവിയറിയാതെ നിയമസഭാംഗമായി.1935 മെയ് 15ന് ആര്യാടൻ ഉണ്ണീൻ- പി.വി.കദിയുമ്മുണ്ണി ദമ്പതികളുടെ മകനായി ജനിച്ച ആര്യാടൻ മുഹമ്മദ് 1980ൽ കോൺഗ്രസ് (യു) പ്രതിനിധിയായി ഇ.കെ നായനാർ സർക്കാറിലാണ് ആദ്യമായി മന്ത്രിയാവുന്നത്.

പിന്നീട് 95ൽ എ.കെ. ആൻറണി, 2004 ലും 2011ലും ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും മന്ത്രിയായി. വനം, തൊഴിൽ, വിനോദ സഞ്ചാരം, വൈദ്യുതി, ഗതാഗതം, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകൾ വിവിധ കാലങ്ങളിലായി കൈകാര്യം ചെയ്തു. നിയമസഭയിൽ 35 വർഷം നിലമ്പൂരിനെ പ്രതിനിധീകരിച്ച ആര്യാടൻ ആദ്യമായി 1977ൽ 42ാം വയസിലാണ്​ നിയമസഭയിലെത്തിയത്.

സംസ്​ഥാന ആസൂത്രണ കമീഷൻ അംഗം, സ്‌റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡൻറ്, നാഫെഡ് ഡയറക്ടർ, എൻ.സി.ഡി.സി ഡയറക്ടർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1952ൽ കോൺഗ്രസ് അംഗത്വം എടുത്ത ആര്യാടൻ 1958ൽ കെ.പി.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Nilambur's own Aryathan bid farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.