'ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലമ്പൂരിൽ'; മൂന്നാമതും പിണറായി വരില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കും -പി.വി. അന്‍വര്‍

കൊച്ചി: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി. അൻവർ. തെരഞ്ഞെടുപ്പ് പിണറായിയുടെ കുടുംബാധിപത്യത്തിന് മറുപടി നൽകും. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കും. 25,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടി യു.ഡി.എഫ് വിജയിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.

നിലമ്പൂരിൽ പിണറായി വിജയൻ മത്സരിച്ചാലും ജയിക്കില്ല. പിന്നെയല്ലേ പൊതുസ്വതന്ത്രന്‍. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്. കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് മറുപടിയില്ല. യു.ഡി.എഫ് സ്ഥാനാർഥി ആരായാലും നിരുപാധിക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിലേക്കാളും വലിയ ഫാഷിസ്റ്റ് ഭരണം നടക്കുന്നത് കേരളത്തിലാണ്. പിണറായി വിജയനേക്കാൾ നല്ലതാണ് മോദി. ആശമാരുടെ സമരത്തിൽ കണ്ടത് അതാണ്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തൃശൂർ പൂരം കലക്കിയതും സ്വർണക്കള്ളക്കടത്തും മാമി തിരോധാനവുമെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. 2026ലെ തെരഞ്ഞെടുപ്പിൽ കേരളം ആരു ഭരിക്കുമെന്നതിന്‍റെ വ്യക്തമായ ചിത്രം നിലമ്പൂരിൽ കാണാമെന്നും പി.വി. അൻവർ പറഞ്ഞു.

ജൂൺ 19നാണ് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുക. 23നാണ് ഫലപ്രഖ്യാപനം. പി.വി. അൻവർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ അൻവർ 2700 വോട്ടിനാണ് വിജയിച്ചത്. കോൺഗ്രസിന്‍റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്.

Tags:    
News Summary - Nilambur By Election 2025 PV Anwar comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.