നിലമ്പൂർ: ഭീകരാക്രമണ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോയെന്ന ആശങ്കക്ക് വിരാമമായതോടെ നിലമ്പൂരിൽ മുന്നണികൾ വീണ്ടും കളത്തിലിറങ്ങുന്നു. ഇടത്, വലത് മുന്നണികൾക്കും പി.വി. അൻവറിനും ഇത് അഭിമാന പോരാട്ടമാണ്. ‘പിണറായിസ’ത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് പി.വി. അൻവറും സംസ്ഥാന സർക്കാറിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രക്ക് സഹായിക്കുന്ന ഫലമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത് വീറും വാശിയുമേറുമെന്നതിന്റെ തെളിവാണ്.
റായ് ബറേലിയിൽ വിജയിച്ച രാഹുൽ ഗാന്ധി വയനാട് എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. രാഹുലിന് പകരക്കാരിയായി പ്രിയങ്ക എത്തിയപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് നിലമ്പൂർ സമ്മാനിച്ചത്; 65,132 വോട്ടിന്റെ ഭൂരിപക്ഷം. ഇതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
പി.വി. അൻവറിന്റെ രാജിയോടെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ട്. ഇരുമുന്നണികളും ഏറക്കുറെ സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ഇടത്, വലത് മുന്നണികൾ ചുവരെഴുത്തും വോട്ടുപിടിത്തവും തുടങ്ങിയിരുന്നു.
മണ്ഡലചിത്രം
വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, ചുങ്കത്തറ, പോത്തുകല്ല്, അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ മണ്ഡലം. പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും ഇടതുപക്ഷത്താണ്. വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പമാണ്. പുതിയ കണക്കുപ്രകാരം മണ്ഡലത്തിൽ 2,32,384 വോട്ടർമാരാണുള്ളത്. സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 1,13,486 പുരുഷൻമാരും 1,18,889 സ്ത്രീകളും. 56 പുതിയ ബൂത്തുകള്‍ കൂടി വന്നതോടെ മണ്ഡലത്തിൽ 260 ബൂത്തുകളുണ്ടാവും. 1100ൽപരം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിച്ചാണ് പുതിയ ബൂത്തുകൾ രൂപവത്കരിച്ചത്.
വഴിക്കടവ്: ആകെ 23 സീറ്റ്. സി.പി.എം-9, സി.പി.ഐ- 1, കോൺഗ്രസ്- 6, മുസ് ലിംലീഗ് -7. ഭരണത്തിൽ യു.ഡി.എഫ്.
എടക്കര: 16 സീറ്റ്. സി.പി.എം- 7, കോൺഗ്രസ്- 5, ലീഗ് -4. ഭരണം യു.ഡി.എഫ്.
ചുങ്കത്തറ: 20 സീറ്റ്. സി.പി.എം- 9, കോൺഗ്രസ്- 7, മുസ്ലിം ലീഗ്- 3. ഒരു സി.പി.എം സ്വതന്ത്ര രാജിവെച്ചു. യു.ഡി.എഫ് ഭരണം.
പോത്തുകല്ല്: 17 സീറ്റ്. സി.പി.എം -7, സി.പി.ഐ- 2, കേരള കോൺഗ്രസ്- 1, കോൺഗ്രസ്- 5, മുസ്ലിം ലീഗ് -2. എൽ.എഡി.എഫ് ഭരണം.
മൂത്തേടം: 19 സീറ്റ്. സി.പി.എം -2, കോൺഗ്രസ്- 8, മുസ്ലിം ലീഗ്- 5. യു.ഡി.എഫ് ഭരണം
കരുളായി: 15 സീറ്റ്. സി.പി.എം- 5, സി.പി.ഐ- 1, കോൺഗ്രസ് -4, മുസ്ലിം ലീഗ്- 4, എൻ.സി.പി 1. യു.ഡി.എഫ് ഭരണം
അമരമ്പലം: 19 സീറ്റ്. സി.പി.എം- 12, കോൺഗ്രസ്- 4, മുസ്ലിം ലീഗ് -3. എൽ.ഡി.എഫ് ഭരണം
നിലമ്പൂർ നഗരസഭ: 33 സീറ്റ്. സി.പി.എം -18, സി.പി.ഐ- 3, കേരള കോൺഗ്രസ് -എം 1, ജനതാദൾ യു -1, കോൺഗ്രസ്- 9, ബി.ജെ.പി- 1. എൽ.ഡി.എഫ് ഭരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.