കോഴിക്കോട്: ശനിയാഴ്ച പുലർച്ച 5.30. ചെറിയ തണുപ്പുണ്ട്. കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ വിശ്വാസികൾ സുബ്ഹി നമസ്കരിക്കുന്നു. പ്രാർഥനനിർഭരമായ ആ അന്തരീക്ഷത്തിലേക്കാണ് ഒരൊറ്റ ചിത്രത്തിലൂടെ യുദ്ധത്തിെൻറ ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ നിക് ഉട്ട് എന്ന വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫർ എത്തിയത്.
കോഴിക്കോടിെൻറ പൈതൃകവഴികളിലൂടെയും മതമൈത്രി വിളിച്ചോതുന്ന ആരാധനാലയങ്ങളിലൂടെയും അദ്ദേഹം സുഹൃത്ത് റൗൾ റോക്കും സഹയാത്രികർക്കുമൊപ്പം സഞ്ചാരം തുടങ്ങി. കണ്ണിൽ വിടർന്ന കൗതുകക്കാഴ്ചകൾ തെൻറ ഹൃദയമായ കാമറയിലേക്ക് പകർത്തി. മിശ്കാൽ പള്ളിയിൽനിന്ന് നമസ്കാരശേഷം ആളുകൾ പുറത്തിറങ്ങിയപ്പോൾ നിക് അകത്തു കയറി. പള്ളിയുടെ പഴക്കത്തെയും വാസ്തുശിൽപത്തെയുംകുറിച്ച് ഇമാമിനോട് ചോദിച്ചറിഞ്ഞപ്പോൾ മുഖത്ത് അത്ഭുതം വിടർന്നു.
സമീപത്തെ താഷ്കൻറ് ഹോട്ടലിൽനിന്ന് ആവി പറക്കുന്ന സുലൈമാനിയും പൊരിച്ച പത്തിരിയും കഴിച്ചപ്പോൾ ‘വൗ, സൂപ്പർ!’ എന്നായിരുന്നു സ്വാദേറെയുള്ള പ്രതികരണം. കുറ്റിച്ചിറ കുളത്തിെൻറ കരയിലിരുന്ന് ഏറെനേരം കാഴ്ചകണ്ട നിക് പിന്നീട് നീങ്ങിയത് തങ്ങൾസ് റോഡിലെ ചരിത്രമുറങ്ങുന്ന പടിഞ്ഞാറെ പള്ളി തറവാട്ടിലേക്ക്. വീടിനകം നടന്നുകണ്ട് ചിത്രങ്ങളെടുത്തു. അടുത്ത ലക്ഷ്യം കോഴിക്കോട് കടപ്പുറമായിരുന്നു. കടൽപാലവും കടലിലേക്ക് അകന്നുപോകുന്ന തോണികളെയും തീരത്ത് കരണംമറിയുന്ന യുവാവിനെയും പകർത്തി നിക്കും സംഘവും പോർചുഗീസുകാർ നിർമിച്ച ദേവമാത കത്തീഡ്രലിലെത്തി. ദേവാലയത്തിെൻറ ഉൾവശത്തും നടന്നുകണ്ട് വികാരിയോട് ചരിത്രം ചോദിച്ചു. അടുത്ത യാത്ര പ്രശസ്തമായ തളിക്ഷേത്രത്തിലേക്കായിരുന്നു. ക്ഷേത്രത്തിന് പുറത്തുനിന്ന് നോക്കിക്കണ്ട അദ്ദേഹത്തെ ഗുരുസ്വാമി പ്രസാദം നൽകി സ്വീകരിച്ചു. ജില്ല കലക്ടർ യു.വി. ജോസ്, ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, നഗരത്തിലെ ഫോട്ടോഗ്രാഫർമാർ എന്നിവരും ആതിഥേയരായി നിക്കിനൊപ്പമുണ്ടായിരുന്നു.
ഒമ്പതു മണിയോടെ ഹോട്ടലിലേക്ക് മടങ്ങിയ നിക് പിന്നീട് ആർട്ട് ഗാലറിയിലെ തെൻറ ചിത്രങ്ങളുടെ പ്രദർശനം, ബേപ്പൂരിലെ ഉരുനിർമാണകേന്ദ്രം എന്നിവിടങ്ങളിലെല്ലാം എത്തി. യാത്രകൾക്കിടയിൽ കണ്ട സാധാരണക്കാരുടെ ദൃശ്യങ്ങൾ പകർത്താനും ആരാധകർക്കൊപ്പം മുഷിപ്പൊന്നുമില്ലാതെ വേണ്ടുവോളം സെൽഫിയെടുക്കാനും അദ്ദേഹം ഏറെ താൽപര്യം കാണിച്ചു. നന്മയുടെ നഗരത്തിലെ നാട്ടുകാർക്ക് ഹൃദയത്തിൽനിന്ന് നന്ദി പറഞ്ഞാണ് നിക് നഗരപര്യടനം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.