കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ്‌ ഒരു മന്ത്രി പുങ്കവൻ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വായ്പപരിധി നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ജി.ഒ യൂനിയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെനിന്നുള്ള കേന്ദ്രമന്ത്രി പുംഗവൻ കേരളത്തിനെതിരായി എന്തൊക്കെ സംസാരിക്കാൻ കഴിയുമെന്ന് ഗവേഷണം നടത്തുന്നയാളാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. അദ്ദേഹം അവതരിപ്പിച്ച കണക്ക് എവിടുന്ന് കിട്ടിയതാണെന്ന് പറയുന്നില്ല. കേന്ദ്രമന്ത്രി പത്രസമ്മേളനത്തിലൂടെയാണോ കണക്ക് അവതരിപ്പിക്കേണ്ടത്. തെറ്റായ കണക്ക് അവതരിപ്പിച്ച് നാടിനെ തെറ്റിദ്ധരിപ്പിക്കുകയല്ലേ അദ്ദേഹം ചെയ്തതെന്നും ചോദിച്ചു.

കേരളത്തിന് വായ്പ മുടക്കുന്ന നയത്തോട്, ഇപ്പോൾ അഭിപ്രായം പറയാറായിട്ടില്ലെന്നും പഠിക്കട്ടെ എന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കേന്ദ്ര സർക്കാറിന്‍റെ നിലപാടിനെ എതിർക്കാതിരിക്കുമ്പോ അതിനെ പരോക്ഷമായി അനുകൂലിക്കുകയല്ലേ. കേരളത്തിന്‍റെ വികസനത്തെയല്ലേ തടയുന്നത്. നാടിന്‍റെ ഭാവി എന്നത് എൽ.ഡി.എഫിന്‍റെ ഭാവിയല്ലല്ലോ. നാടിനെ പിന്നോട്ടടിപ്പിക്കുന്ന പ്രശ്നം വരുമ്പോൾ അക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണ്ടേ. സങ്കുചിത നിലപാട് സ്വീകരിക്കുന്ന ചിലർ ഇവിടെയുണ്ട്.

ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാൻ ബാധ്യതപ്പെട്ട സംസ്ഥാനത്തെ മാധ്യമങ്ങളിൽ പലരും കണ്ടഭാവം നടിച്ചിട്ടില്ല. എന്തുകൊണ്ടാണീ നിശ്ശബ്ദത. ആ നിശ്ശബ്ദത നാടിന് വിനയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - NGO Union Diamond Jubilee Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.