ഭൂമി വിൽക്കുന്നതായി ഒപ്പിട്ടുനൽകിയ വസന്ത. മരിച്ച രാജന്‍റെയും അമ്പിളിയുടെയും  മക്കളായ രഞ്​ജിത്തും രാഹുലും ബോബി ചെമ്മണ്ണൂരിനൊപ്പം

'ബോബിയെ വസന്ത കബളിപ്പിച്ചു​; ഈ ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയില്ല' -രാജന്‍റെ മക്കൾ

നെയ്യാറ്റിൻകര: തങ്ങൾക്ക്​ വേണ്ടി ഭൂമി വിലകൊടുത്തുവാങ്ങിയ ബോബി ചെമ്മണ്ണൂരിനെ സ്​ഥലത്തിന്​ അവകാശവാദം ഉന്നയിച്ച വസന്ത കബളിപ്പിച്ചതാണെന്ന്​ കുടിയൊഴിപ്പിക്കലിനിടെ ദാരുണമായി മരിച്ച രാജൻ -അമ്പിളി ദമ്പതികളുടെ മക്കൾ. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണ്​ വാങ്ങിയ ബോബിയുടെ സൻമനസ്സിന്​ നന്ദിയുണ്ടെന്നും എന്നാൽ അ​േദ്ദഹത്തിൽനിന്ന്​ ഭൂമി വാങ്ങാൻ താൽപര്യമില്ലെന്നും മക്കളായ രഞ്​ജിത്തും രാഹുലും വ്യക്​തമാക്കിയിരുന്നു. 

''വ്യാജപട്ടയം കാണിച്ചാണ് വസന്ത എല്ലാവരെയും കബളിപ്പിക്കുന്നത്. സര്‍വെ നമ്പര്‍ പരിശോധിക്കുമ്പോള്‍ അറിയാന്‍ സാധിക്കും. കോടതിയെയും വസന്ത തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്​. വസന്തക്ക് ഈ ഭൂമി വില്‍ക്കാന്‍ അവകാശമില്ല. പുറമ്പോക്ക് ഭൂമി വസന്ത വില്‍ക്കാന്‍ ശ്രമിക്കുന്നത് നിയമ പ്രകാരം തെറ്റാണ്.

ബോബിസാര്‍ എന്ത് സഹായം തന്നാലും സ്വീകരിക്കും. പക്ഷേ കോളനിയില്‍ നമുക്ക് പട്ടയം തരേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ സഹായിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ബോബിയുടെ മറ്റ് എല്ലാ സഹായവും സ്വീകരിക്കും. പട്ടയവുമായിട്ടുള്ള വിഷയമൊഴികെ. നിയമ വ്യവസ്ഥവെച്ച് കോളനിയിൽ അനുവദിച്ച ഭൂമി വില്‍ക്കാനും വാങ്ങുവാനും പാടില്ല.

തര്‍ക്കത്തിലുള്ള ഭൂമി വിലകൊടുത്ത്​ വാങ്ങേണ്ടതല്ല. അത്​ ഞങ്ങൾക്ക്​ അവകാശപ്പെട്ടതാണ്​. അത്​ നിയമവ്യവഹാരത്തിലൂടെ തന്നെ സാധ്യമാക്കണം. പട്ടയം തരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. നിയമപരമായി കോളനിയിലെ ഭൂമി വിൽക്കാനോ വാങ്ങാനോ സാധിക്കില്ല. അത്തരമൊരു എഗ്രിമെന്‍റിന് നിയമ സാധുത ഉണ്ടാകില്ല. സഹായിക്കാന്‍ തയ്യാറായ ബോബി ചെമ്മണ്ണൂരിനോട് നന്ദിയുണ്ട്''​ -മക്കള്‍ പറഞ്ഞു.

തന്നെ ഏതെങ്കിലും തരത്തില്‍ വസന്ത കബളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന്​ ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. കേസുകളെല്ലാം പിന്‍വലിക്കാമെന്നാണ് വസന്ത ഉറപ്പ് നല്‍കിയിട്ടുണ്ട്​. ഏതെങ്കിലും തരത്തിൽ നിയമപ്രശ്​നമുണ്ടെങ്കിൽ അത്​ പരിഹരിക്കാൻ ഏതറ്റംവരെയും പോകാൻ താൻ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ശനിയാഴ്ചയാണ്​ നെയ്യാറ്റിന്‍കരയിലെ തർക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വാങ്ങിയത്. രാവിലെ എഗ്രിമെന്‍റ് എഴുതിയിരുന്നു. വൈകീട്ട്​ 5.30ന് എഗ്രിമെന്‍റ് കൈമാറാന്‍ കോളനിയി​ലെ വീട്ടിൽ ബോബി വന്നപ്പോഴാണ് കുട്ടികള്‍ നിലപാട് വ്യക്തമാക്കിയത്. വീട് ഉടൻ പുതുക്കിപ്പണിയുമെന്നും അതുവരെ കുട്ടികളുടെ പൂർണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

2019ലാണ് നെയ്യാറ്റിൻകര പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ വസന്തയും രാജൻ അടക്കമുള്ള അയൽവാസികളുമായുള്ള ഭൂമിതർക്കം തുടങ്ങുന്നത്. വസന്തയുടെ വീടിന്‍റെ എതിർവശത്തുള്ള തന്‍റെ അമ്മയുടെ വീട്ടിലായിരുന്നു മരിച്ച രാജനും കുടുംബവും ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് വസന്തയുടെ വീടിനോട് ചേർന്നുള്ള മൂന്ന് സെന്‍റ്​ ഭൂമിയിലേക്ക് ഷെഡ് വെച്ച് രാജനും കുടുംബവും മാറിയത്. എന്നാൽ, ഈ ഭൂമി 2006ൽ സുഗന്ധി എന്നവ്യക്​തിയിൽ നിന്നും വിലയാധാരമായി വാങ്ങിയതാണെന്നും അതിയന്നൂർ പഞ്ചായത്തിൽ ഈ ഭൂമിക്ക് കരമടച്ചിട്ടുണ്ടെന്നുമാണ് വസന്ത പറയുന്നത്.

രാജനടക്കം അഞ്ച് പേർ തന്‍റെ സ്ഥലം കയ്യേറിയെന്ന് കാണിച്ച്​ വസന്ത മുൻസിഫ് കോടതിയെ സമീപിച്ചു. നേരത്തെ കൃഷിയിടമായിരുന്ന സ്ഥലത്ത് ഗേറ്റ് പൊളിച്ച് കയറി ഷെഡ് സ്ഥാപിച്ചുവെന്നാണ്​ ഇത്​സംബന്ധിച്ച്​ കോടതിയിൽ അഭിഭാഷക കമ്മീഷൻ മാർച്ച് മൂന്നിന് റിപ്പോർട്ട് നൽകിയത്​. രാജന്‍റെ ഈ വീട് പൊളിച്ച് മാറ്റണമെന്ന വസന്തയുടെ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കോടതി ജൂൺ 16ന് നിർദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നത് ഡിസംബർ 22ന് ഉച്ചയോടെ​ മുൻസിഫ് കോടതി മാറ്റിവെക്കുകയും ഹൈക്കോടതി സ്റ്റേ നൽകുകയും ചെയ്​തു. എന്നാൽ, അതിന്​ തൊട്ടുമുമ്പ്​ ധൃതി പിടിച്ച്​ പൊലീസ്​ കുടിയൊഴിപ്പിക്കാൻ എത്തിയതാണ്​ രാജന്‍റെയും അമ്പിളിയുടെയും മരണത്തിൽ കലാശിച്ചത്​. ​ 

Tags:    
News Summary - neyyattinkara couple death follow up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.