തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഭൂരിപക്ഷ വോട്ടിൽ പ്രത്യേകം കണ്ണുവെച്ച് സി.പി.എം. അഭിമാന പോരാട്ടമായ സിറ്റിങ് സീറ്റിൽ മുന്നണി വിജയപ്രതീക്ഷയിലാണെങ്കിലും പാർട്ടിക്ക് പൂർണ ആത്മവിശ്വാസമില്ല. ബൂത്ത് തലങ്ങളിൽ നിന്ന് ഓരോ സ്ഥാനാർഥിക്കും ലഭിക്കുന്ന വോട്ടുകളുടെ രണ്ടാംഘട്ട കണക്കെടുത്തപ്പോൾ ജയം പരുങ്ങലിലാണ്. ഇതോടെയാണ് ഭൂരിപക്ഷത്തിൽ നിന്നുള്ള വോട്ട് ഷെയർ കൂടിയാൽ മാത്രമേ ആശ്വാസവിജയം നേടാനാവൂ എന്ന കണക്കുകൂട്ടലിലേക്ക് നേതൃത്വമെത്തിയത്. ഇത് മുൻനിർത്തിയാണ് വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് പിന്തുണ അവസാന നാളുകളിൽ പോലും പാർട്ടി സജീവചർച്ചയാക്കി നിർത്താൻ ശ്രമിക്കുന്നത്. ഇതുവഴി പാർട്ടിക്കുള്ള ഭൂരിപക്ഷ വോട്ട് വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കേരളത്തിന്റെ വികസനം പറഞ്ഞ് രാഷ്ട്രീയ പോരാട്ടമാണ് മുന്നണി കാഴ്ചവെക്കുകയെന്നാണ് സി.പി.എം വ്യക്തമാക്കിയത്. ഇതിനെ സാധൂകരിച്ചാണ്, പരിഗണിച്ച സ്വതന്ത്രരെയെല്ലാം ഒഴിവാക്കി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ രംഗത്തിറക്കിയത്. എന്നാൽ, പ്രചാരണം കൊടുമ്പിരിയിലെത്തുമ്പോൾ വികസനം വിട്ട് യു.ഡി.എഫ് വർഗീയ മുന്നണിയായി എന്ന ആരോപണം അരക്കിട്ടുറപ്പിക്കാനാണ് സി.പി.എം ഊന്നൽ നൽകുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇടതു സ്ഥാനാർഥിയും ഈ വാദത്തിനിപ്പോൾ ശക്തിയേകുന്നുണ്ട്.
വെൽഫെയർ പാർട്ടിയെ ചൂണ്ടിയാണ് ആരോപണമെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിലുമൊന്നുമില്ലാത്ത വിധമാണ് വർഗീയ മുന്നണി ചർച്ച പാർട്ടി ബോധപൂർവം കൊഴുപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ വിമർശനത്തിന്, ജമാഅത്തെ ഇസ്ലാമി നേരത്തെ ഇടതുപക്ഷത്തെ പിന്തുണച്ചതിന്റെയും പാർട്ടി സെക്രട്ടറിയായപ്പോൾ പിണറായി വിജയൻ ജമാഅത്തിനെ പലതവണ പുകഴ്ത്തിയതിന്റെയുമടക്കം തെളിവുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി പറഞ്ഞത്. സി.പി.എം ഒരുക്കുന്ന ‘കെണി’യിൽ വീഴാതിരിക്കാൻ രണ്ടുനാൾ കൊണ്ട് ഈ വിഷയം യു.ഡി.എഫ് വിട്ടെങ്കിലും ഇക്കാര്യത്തിൽ മുസ്ലിം ലീഗിന്റെ നിലപാടെന്താണെന്ന് ചോദിച്ച് മുഖ്യമന്ത്രിയും, കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം പ്രിയങ്ക ഗാന്ധി പറയട്ടെയെന്നുപറഞ്ഞ് പാർട്ടി സെക്രട്ടറിയും പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നതാണ് കാഴ്ച.
സ്ഥാനാർഥിയെ ആദ്യം പ്രഖ്യാപിച്ചെങ്കിലും പി.വി. അൻവർ ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യ ആരോപണമുന്നയിക്കുകയും പ്രതിപക്ഷ നേതാവിനെ പരിഹസിക്കുകയും ചെയ്ത് രംഗം വഷളാക്കിയതിനാൽ യു.ഡി.എഫിന്റെ തുടക്കം മന്ദഗതിയിലായിരുന്നു. എന്നാൽ, സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ, കളംനിറഞ്ഞ എൽ.ഡി.എഫിന് ആ മുന്നേറ്റം പൂർണമായും നിലനിർത്താനായിട്ടില്ല. യു.ഡി.എഫിന്റെ ‘യൂത്ത് ടീം’ സൃഷ്ടിച്ച ഓളത്തെ സാംസ്കാരിക പ്രവർത്തകരെ രംഗത്തിറക്കി നേരിട്ടെങ്കിലും സി.പി.എമ്മിനെ എതിർക്കുന്ന എഴുത്തുകാരെ രംഗത്തിറക്കി യു.ഡി.എഫ് പ്രതിരോധിച്ചു. യു.ഡി.എഫ് വലിയ ‘ആയുധമായി’ കരുതുന്ന ഞായറാഴ്ച നടന്ന പ്രിയങ്കയുടെ റോഡ് ഷോ സി.പി.എം ആശങ്കയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.