ന്യൂഡൽഹി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കെ. ബാബുവിന്റെ ജയം റദ്ദാക്കാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി സി.പി.എം നേതാവ് എം. സ്വരാജ് പിൻവലിച്ചു.
കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് ആരോപിച്ച് സ്ഥാനാർഥിയായിരുന്ന സ്വരാജ് ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നായിരുന്നു സുപ്രീംകോടതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ അപ്പീൽ അപ്രസക്തമായെന്ന് ചുണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ച ശേഷം വാദം കേൾക്കും മുമ്പേ പിൻവലിച്ചത്. നിലമ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വരാജ് മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ. ബാബു വോട്ട് പിടിച്ചു എന്നതായിരുന്നു എം. സ്വരാജിന്റെ പ്രധാന ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു. കെ. ബാബു തോറ്റാൽ അത് അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി, എന്നെല്ലാം അദ്ദേഹം ഹർജിയിൽ ആരോപിച്ചിരുന്നു. നേരത്തെ ഈ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.