തിരുവനന്തപുരം: ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബിബാച്ചിലെ 118 സബ്ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലിസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർധനവുണ്ട്. ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന പാലനമാണ് പൊലീസിന്‍റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാർഥികളാണ് പാസിംഗ് ഔട്ട് ചടങ്ങിലൂടെ കർമപഥത്തിലേക്ക് എത്തിയത്.
ബിബിന്‍ ജോണ്‍ ബാബുജി നയിച്ച പരേഡിന്‍റെ സെക്കര്‍ഡ് ഇന്‍ കമാന്‍ഡ് വര്‍ഷാ മധുവായിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു. മികച്ച ഇന്‍ഡോര്‍ കേഡറ്റായി ടി. എസ്. ശ്രുതിയും മികച്ച ഔട്ട്ഡോര്‍ കേഡറ്റായി വര്‍ഷാ മധുവും തിരഞ്ഞെടുക്കപ്പെട്ടു. മിജോ ജോസ് ആണ് മികച്ച ഷൂട്ടര്‍. ബിബിന്‍ ജോണ്‍ ബാബുജീ ആണ് ഓള്‍ റൗണ്ടര്‍.
2024 ഫെബ്രുവരി 20ന് ആരംഭിച്ച ഒരുവര്‍ഷക്കാലത്തെ അടിസ്ഥാന പരിശീലനത്തിന്‍റെ ഭാഗമായി ഇവര്‍ ഔട്ട്ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീല്‍ഡ്& ലത്തി ഡ്രില്‍, വണ്‍ മിനിറ്റ് ഡ്രില്‍, സെറിമോണിയല്‍ ഡ്രില്‍, സക്വോര്‍ഡ് ഡ്രില്‍, കെയിന്‍ ഡ്രില്‍, മോബ് ഓപ്പറേഷന്‍, ഒബ്സ്റ്റക്കിള്‍ കോഴ്സ്, ഫീല്‍ഡ് ക്രാഫ്റ്റ് ആൻഡ് മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷന്‍ ആൻഡ് ഡിസ്പോസല്‍, കരാട്ടേ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്.
അരീക്കോട് ക്യാമ്പില്‍ 15 ദിവസത്തെ ഭീകര വിരുദ്ധ പരിശീലനവും, ഇടുക്കിയിലെ കുട്ടിക്കാനത്ത് 5 ദിവസത്തെ ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും നല്‍കി. പരിശീലന കാലയളവില്‍ തന്നെ പ്രായോഗിക പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2024 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കായും, തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാനപാലന ഡ്യൂട്ടിക്കായും ഇവരെ നിയോഗിച്ചിട്ടുള്ളതാണ്.
മുന്‍ ബാച്ചുകളിലേത് പോലെതന്നെ പരിശീലനം പൂര്‍ത്തിയാക്കി കേരള പോലീസിന്‍റെ ഭാഗമാകുന്ന 31 ബി ബാച്ചിലും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേരാണുള്ളത്. ഇന്ന് പാസ്ഔട്ടായി സേനയില്‍ ചേരുന്നവരില്‍ 18 ബിരുദാനന്തര ബിരുദധാരികളും, മൂന്നു എംബിഎക്കാരും, മൂന്നു എംടെക്കാരും, 39 ബിടെക്കാരും, 55 ബിരുദധാരികളും ഉള്‍പ്പെടുന്നു.
തൃശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രന്‍, മേയര്‍ എം.കെ. വര്‍ഗീസ്, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, കേരള പൊലീസ് അക്കാഡമി ഡയറക്ടര്‍ ഐ.ജി. കെ. സേതുരാമന്‍, മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.