തിരുവനന്തപുരം: കേരള ഹൈകോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി എറണാകുളം കളമശ്ശേരിയില്‍ സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്.എം.ടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കും കേന്ദ്രസഹായം ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
2023ലെ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാർഷിക യോഗ തീരുമാന പ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭ തീരുമാനം. നിയമ വകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുടെയും നേതൃത്വത്തില്‍ കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കിയത്.
ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ട്. 27 ഏക്കറിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവന ചെയ്യുന്നത്.
ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമാണവുമുൾപ്പെടെ 1,000 കോടിയിൽപരം രൂപ ചെലവ് കണക്കാക്കുന്നു. നിലവിലെ ഹൈകോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതിയുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും സ്വാതന്ത്ര്യത്തിനും ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപിച്ച് മൂന്ന് ടവറുകളിലായാണ് ജുഡീഷ്യൽ സിറ്റി രൂപകൽപന ചെയ്യുന്നത്. പ്രധാന ടവറിൽ ഏഴ് നിലകളും മറ്റ് രണ്ട് ടവറുകളിൽ ആറ് നിലകൾ വീതവും ഉണ്ടാകും.
ചീഫ് ജസ്റ്റിസിന്റേത് ഉൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫിസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്‍റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെന്‍റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. അഡ്വക്കേറ്റ് ജനറൽ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിങ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.