പുതിയ മന്ത്രിസഭ; ഒരു സീറ്റില്‍ വിജയിച്ച കക്ഷികൾ മന്ത്രിസ്ഥാനം പങ്കിടേണ്ടി വരും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു സീറ്റില്‍ വിജയിച്ച നാല് ഘടകകക്ഷികള്‍ക്ക് രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നല്‍കാന്‍ ആലോചന. എൽ.ജെ.ഡിയ്ക്കും, ആർ.എസ്.പി ലെനിനിസ്റ്റിനും മന്ത്രിസ്ഥാനമുണ്ടാകില്ല. കേരള കോണ്‍ഗ്രസ് എം, ജെ.ഡി.എസ്, എൻ.സി.പി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും.

കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേഷ്കുമാര്‍, ആന്‍റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിവര്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നല്‍കാനാണ് സി.പി.എമ്മിന്‍റെ ആലോചന. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ കക്ഷികളോട് സി.പി.എം ഇത്തരത്തില്‍ സൂചന നല്‍കിയിട്ടുണ്ട്.

ആദ്യ ടേം ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തില്‍ നാളത്തെ ഇടത് മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ കൂടുതല്‍ ഘടകക്ഷികള്‍ ഉള്ളത് കൊണ്ട് രണ്ടെണ്ണം നല്‍കാന്‍ കഴിയില്ലെന്ന് സി.പി.എം അറിയിച്ചു.

ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. ഒരു മന്ത്രിസ്ഥാനമാകുമ്പോള്‍ പ്രധാനപ്പെട്ട വകുപ്പാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നത്. പൊതുമരാമത്ത് വകുപ്പാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ സി.പി.എമ്മിന്‍റെ വകുപ്പായത് കൊണ്ട് അതില്‍ നാളെയോടെ തീരുമാനമുണ്ടായേക്കും.

ജെ.ഡി.എസിനും എൻ.സി.പിയ്ക്കും ഒരോ മന്ത്രിസ്ഥാനം നല്‍കും. ഇരു പാര്‍ട്ടികളുടേയും മന്ത്രിമാരുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും. പ്രധാനപ്പെട്ട ഘടകകക്ഷിയെന്ന നിലയില്‍ മന്ത്രിസ്ഥാനത്തിന് എൽ.ജെ.ഡി അവകാശവാദം ഉന്നയിച്ചെങ്കിലും സി.പി.എം അനുകൂലമായി പ്രതികരിച്ചില്ല. സര്‍ക്കാര്‍ വന്ന ശേഷം മറ്റ് പദവികളില്‍ എൽ.ജെ.ഡിയെ പരിഗണിക്കാമെന്ന് സി.പി.എം അറിയിച്ചു.

നാളെ രാവിലെ 11ന് ഇടത് മുന്നണി യോഗത്തോടെ മന്ത്രിസ്ഥാന വിഭജനം പൂര്‍ത്തിയാക്കും. സി.പി.എമ്മിന്‍റെ 12 മന്ത്രിമാരേയും സ്പീക്കറേയും സി.പി.ഐയുടെ നാല് മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറേയും മറ്റന്നാള്‍ തീരുമാനിക്കും.

Tags:    
News Summary - New cabinet; The parties that win one seat will have to share the ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.